* നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി
വിവിധ കേസുകളിൽ അന്വേഷണം നടക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരും അത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരു കൂട്ടരും നിഷ്പക്ഷത പാലിക്കണം. ചാരക്കേസ് ഇതുസംബന്ധിച്ച വലിയൊരു പാഠമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിയെ തുടർന്ന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാരക്കേസിൽ നമ്പി നാരായണൻ മാത്രമല്ല പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവുക. ഒരു പാട് പേർ സ്വാഭാവികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവും.ഇവിടെയാണ് അന്വേഷണ ഏജൻസികളുടെ ജാഗ്രതയുടെ പ്രശ്‌നം വരുന്നത്. എപ്പോഴും അന്വേഷണം ശരിയായ ദിശയിൽ നടക്കുകയാണ് പ്രധാനം. കേസുകളുടെ യഥാർത്ഥ വശം കണ്ടെത്താനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവണം. കേസുകൾ വഴി തിരിച്ചു വിടുന്നതിൽ മാധ്യമങ്ങൾക്കും പ്രധാന പങ്കുണ്ട്. നിഷ്പക്ഷത പാലിക്കാതെയും അന്വേഷണം തങ്ങൾ ചിന്തിക്കുന്ന രീതിയിൽ വഴി തിരിച്ചു വിടുന്നതും പലപ്പോഴും സംഭവിക്കുന്നുണ്ട്. അത്തരം നടപടി എത്രകണ്ട് വഴി തെറ്റിക്കുമെന്നതിന്റെ ശരിയായ പാഠമാണ് ഈ കേസ്.
മാധ്യമങ്ങൾ വിധികർത്താക്കളാവുമ്പോൾ നിരപരാധികളെ ക്രൂശിക്കുന്ന അവസ്ഥുണ്ടാവുമെന്ന് ഈ കേസിലൂടെ വ്യക്തമായി. നിക്ഷിപ്ത താത്പര്യക്കാർ നിശ്ചയിക്കുന്ന അജണ്ട അനുസരിച്ച് നീങ്ങേണ്ടി വരുമ്പോഴാണ് ഈ ആപത്ത് സംഭവിക്കുന്നത്.
യഥാർത്ഥത്തിൽ നഷ്ടപരിഹാരം നൽകേണ്ടത് ഈ പീഡനം നടത്തിയ ഉദ്യോഗസ്ഥരാണ്. ഇതിന്റെ നിയമവശം പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രരംഗത്ത് വലിയ നേട്ടം കൈവരിക്കാനുള്ള ശ്രമം നടക്കുന്ന കാലമായിരുന്നു അത്. രാജ്യത്തിന്റെ യശ്ശസ് ഉയർത്തുന്ന സാങ്കേതിക വിദ്യ സ്വായത്തമാക്കുന്ന ഘട്ടം. അത് തടയുക എന്ന ഉദ്ദേശത്തോടെ ചില ശക്തികൾ ഇടപെട്ടിരുന്നോയെന്ന് സംശയിക്കണം. അത് പരിശോധിക്കേണ്ട കാര്യമാണ്.
ഈ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്ത് കാണുന്ന ചില പ്രത്യേക പ്രവണത അതിശക്തമായി ഉയർന്നു വന്നിരുന്നു. അവസരം ഉപയോഗിച്ച് നിക്ഷിപ്ത അജണ്ട നടപ്പാക്കാൻ ശ്രമമുണ്ടായി. അതിന് പലരും നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. നേതൃത്വം നൽകിയത് ഇവിടെ മാത്രമായിരുന്നില്ല. രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു. അന്വേഷണം നടത്തേണ്ട ഏജൻസികളെയും പ്രമുഖരെയും തങ്ങളുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിപ്പിച്ചിരുന്നില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതുണ്ട്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വേണമെങ്കിൽ നഷ്ടപരിഹാര തുക നമ്പി നാരായണന്റെ അക്കൗണ്ടിലേക്ക് നൽകുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ ഇതിന് പരസ്യചടങ്ങാണ് നല്ലതെന്ന് തോന്നിയതിനാലാണ് സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ ചടങ്ങ് സംഘടിപ്പിച്ചത്. കേസിനെ തുടർന്ന് ഒരുപാട് സമയവും വർഷവും നഷ്ടപ്പെട്ടിട്ടും പോരാടിയ നമ്പി നാരായണന്റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. പി. ജയരാജൻ, എ. കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. രാജു, ടി. പി. രാമകൃഷ്ണൻ, പ്രോഫ. സി. രവീന്ദ്രനാഥ്, എ. സമ്പത്ത് എം. പി, സി. ദിവാകരൻ എം. എൽ. എ, ചീഫ് സെക്രട്ടറി ടോംജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജൻ, ഉപദേശകൻ രമൺ ശ്രീവാസ്തവ, നവകേരളം കർമ്മ പദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, നമ്പി നാരായണന്റെ കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.