ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികളുടെ ദേശീയ നിലവാരം ഉറപ്പാക്കിയുള്ള എന്‍ട്രിലെവല്‍ എന്‍.എ.ബി.എച്ച് പരിശോധനയ്ക്ക് തുടക്കമായി. ആയുഷ് മേഖലയില്‍ നടപ്പിലാക്കി വരുന്ന ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ വഴിയാണ് ഇതു നടപ്പിലാകുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിശോധയില്‍ ആറ് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികളും നാല് ഗവ. ഹോമിയോ ഡിസ്‌പെന്‍സറികളും ഉള്‍പ്പെടും.

ആയുര്‍വേദ ഡിസ്‌പെന്‍സറികളായ ചെങ്ങാലൂര്‍, ചൊവ്വന്നൂര്‍, അയ്യന്തോള്‍, മുണ്ടത്തിക്കോട്, കോടന്നൂര്‍, അവിട്ടത്തൂര്‍ എന്നിവയും ഹോമിയോ ഡിസ്‌പെന്‍സറികളായ കൊണ്ടാഴി, കൈപറമ്പ്, പഴയന്നൂര്‍, അയ്യന്തോള്‍ എന്നിവയുമാണ് ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതു സംബന്ധിച്ച് അയ്യന്തോള്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന ജില്ലാതല പ്രാരംഭ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ ഷാജന്‍ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, കൗണ്‍സിലര്‍ സജിത ഷിബു, എന്‍.എ.ബി.എച്ച് ദേശീയ പരിശോധകന്‍ ഡോ. ജിതിന്‍ കെ നായര്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ആര്‍ സലജകുമാരി, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീനാറാണി, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. എം എസ് നൗഷാദ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അനിത സുകുമാരന്‍, ഡോ. തുഷാര ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.