മണ്ണില്‍ പൊന്നു വിളയിച്ച് നാടിനെ കാര്‍ഷിക ഉത്സവത്തിലെത്തിക്കുകയാണ് വരവൂരിലെ കര്‍ഷകര്‍. ഇവിടുത്തെ മണ്ണ് കുഴിച്ചാല്‍ നല്ല ഗുണമൊത്ത കൂര്‍ക്ക കിട്ടും. കൂര്‍ക്ക ഒരു നിത്യോപയോഗ കാര്‍ഷിക ഉല്‍പ്പന്നമല്ലാതിരുന്നിട്ടും വരവൂരിനെ സുപരിചിതമാക്കുകയാണ് വരവൂര്‍ ഗോള്‍ഡ് എന്ന കൂര്‍ക്ക. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവന്‍ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും കര്‍ഷകര്‍ക്കൊപ്പം നിന്നതോടെ വരവൂര്‍ കൂര്‍ക്ക ഒരു ബ്രാന്‍ഡായി മാറി.
കൂര്‍ക്ക കൃഷി കര്‍ഷകന് കൂടുതല്‍ വരുമാനമുള്ളതാക്കി തീര്‍ക്കാന്‍ വരവൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും കൂര്‍ക്ക ചന്തയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. വരവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ കെ ബാബു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ എം കവിത മുഖ്യതിഥിയായി. ഇന്ന് പഞ്ചായത്ത് സ്റ്റേജിലും നാളെ തിച്ചൂര്‍ സെന്ററിലും കൂര്‍ക്ക ചന്ത നടക്കും.
ചന്തയോടനുബന്ധിച്ച് കൂര്‍ക്ക ഉപയോഗിച്ചുള്ള വൈവിധ്യങ്ങളായ ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് കൂര്‍ക്ക ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്. കൂര്‍ക്കയും ബീഫും, കൂര്‍ക്ക പത്തിരി, കൂര്‍ക്ക അച്ചാറ് തുടങ്ങി രുചിയുടെ കൂര്‍ക്ക വൈവിധ്യങ്ങള്‍ മേളയെ വ്യത്യസ്തമാക്കും. കൂര്‍ക്ക ചന്തയില്‍ ഒരു കിലോ 60 രൂപക്ക് വരവൂര്‍ കൂര്‍ക്ക ലഭിക്കും.
ചടങ്ങില്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ വി കെ പുഷ്പ, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി കെ യശോധ, ടി എ ഹിദായത്തുള്ള, വിമല പ്രഹ്‌ളാദന്‍, മെമ്പര്‍മാരായ വി കെ സേതുമാധവന്‍, പി കെ അനിത, കെ ജിഷ, വി ടി സജീഷ്, എഡിഎംസി അസി. സെക്രട്ടറി എം കെ ആല്‍ഫ്രഡ് തുടങ്ങിയവര്‍ പങ്കെടുത്തു.