ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം കെങ്കേമമാക്കാന്‍ വിഭവ സമൃദ്ധമായ ഭക്ഷണ വിഭവങ്ങള്‍. കായിക താരങ്ങളും ഒഫിഷ്യല്‍സും ഉള്‍പ്പെടെ കായികോത്സവത്തിന്റെ ഭാഗമാകുന്ന 6000 ത്തോളം പേര്‍ക്കാണ് സ്വാദിഷ്ടമായ ഭക്ഷണം പാചകപ്പുരയില്‍ തയ്യാറാക്കുന്നത്.
സംസ്ഥാന സ്‌കൂള്‍ കായികകോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന ഒക്ടോബര്‍ 16 ന് രാത്രി മുതല്‍ ഭക്ഷണ വിതരണം ആരംഭിക്കും. കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിലാണ് പാചകം. ഐക്കന്‍ കാറ്ററിങ്ങ് നടത്തിപ്പുകാരനാണ്. കായികോത്സവത്തില്‍ രാവിലെ പാല്‍, മുട്ട എന്നിവയ്ക്കു പുറമേ ഇഡ്ഡലി, ദോശ, നൂലപ്പം, ഉപ്പുമാവ് എന്നിങ്ങനെയാണ് വിവിധ ദിവസങ്ങളിലെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് പായസത്തോടുകൂടിയ വിഭവ സമൃദ്ധമായമായ സദ്യ. രാവിലെ 10 നും വൈകീട്ട് 4 നും ചായയും ലഘു പലഹാരവും നല്‍കും. രാത്രി ഇറച്ചിയും മീനും വിളമ്പും. ഒപ്പം പഴവര്‍ഗ്ഗങ്ങളും ഉണ്ടാകും. അധ്യാപകരുടെ നേതൃത്വത്തിലാണ് ഭക്ഷണം വിളമ്പല്‍. ഒക്ടോബര്‍ 20 ന് സമാപന ദിവസം 2000 പേര്‍ക്കുള്ള ഭക്ഷണം പാര്‍സലായും നല്‍കുന്നുണ്ട്.
കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിലാണ് ഭക്ഷണ പന്തല്‍. പത്ത് കൗണ്ടറുകളിലായി 1000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്കിനോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ മേളക്കെത്തുന്നവര്‍ക്ക് യാത്ര ബുദ്ധിമുട്ടുണ്ടാവില്ല. ഒപ്പം സമയവും ലാഭിക്കാം.