കെ.എസ്.എഫ്.ഇ.യുടെ മൊബൈൽ ആപ്ലിക്കേഷൻ “KSFE POWER” ന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വിവര സാങ്കേതിത വിദ്യയുടെ വളർച്ചക്കൊപ്പം കേരള സമൂഹത്തെ നയിക്കുന്നതിന് നൂതനവും ദീർഘ വീക്ഷണവുമുള്ള പദ്ധതികളാണ് കേരളം വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

കേരള സർക്കാർ നടപ്പിലാക്കി വരുന്ന ഇ-ഗവേർണൻസ് പദ്ധതിയിലൂടെ സർക്കാർ സേവനങ്ങൾ ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്. എല്ലാ പ്രധാനപ്പെട്ട സേവനങ്ങൾക്കും ഡാഷ് ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ആധുനികവൽക്കരണത്തിലൂടെ കെ.എസ്.എഫ്.ഇ യെ കൂടുതൽ മികവിലേക്ക് നയിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രണ്ടായിരത്തോളം സ്ഥിരനിയമനം പി.എസ്.സി വഴി നടത്തി. കെ.എസ്.എഫ്.ഇ യുടെ മൂലധനം ഇരട്ടിയായി വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കെ.എസ്.എഫ്.ഇ യുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് എല്ലാ ചിട്ടി ഇടപാടുകളും നടത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.