കേശവാനന്ദഭാരതി കേസ് വിധി ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ ഭരണഘടന നിരവധി തവണ ഭേദഗതി ചെയ്യപ്പെടുമായിരുന്നുവെന്ന് നിയമ മന്ത്രി പി. രാജീവ്. ഇന്ത്യയുടെ നിയമ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ കേശവാനന്ദഭാരതി കേസ് വിധി 50 വർഷം പിന്നിടുന്ന വേളയിൽ സംസ്ഥാന നിയമവകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയുടെ വിധിന്യായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കേശവാനന്ദഭാരതി കേസ് വിധി. ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ജുഡീഷ്യറിയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഭരണഘടനയെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഭരണഘടനാ ഭേദഗതികളേക്കാൾ ജുഡീഷ്യറിയുടെ വിധിന്യായങ്ങളാണ് ഇന്ത്യയിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ സി.കെ അബ്ദുൾ റഹീം മുഖ്യ പ്രഭാഷണം നടത്തി. നിയമ സെക്രട്ടറി കെ. ജി സനൽ കുമാർ, അഡീഷണൽ നിയമ സെക്രട്ടറിമാരായ എൻ. ജീവൻ, എൻ ജ്യോതി തുടങ്ങിയവർ സംസാരിച്ചു.