ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന കായിക മേളയില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന ജില്ലയിലെ കായികതാരങ്ങള്‍ക്കായി നടത്തിയ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപനചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള ജേഴ്സി വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. മൂന്ന് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ക്യാമ്പില്‍ കുട്ടികള്‍ക്ക് വിവിധ കായിക അധ്യാപകരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പോയിന്റും സ്‌കൂള്‍ അത്‌ലറ്റ് മീറ്റിന്റെ പോയിന്റും അടിസ്ഥാനമാക്കി ജില്ലയെ പ്രതിനിധീകരിച്ച് ആദ്യ ആറു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് അടുത്ത അധ്യായന വര്‍ഷത്തിന്റെ തുടക്കം മുതല്‍ പരിശീലനം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമാണ് പരിശീലനം നല്‍കുക. കായിക മേളയില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.മുഹമ്മദ് ബഷീര്‍, ഉഷാ തമ്പി, സീതാ വിജയന്‍, മെമ്പര്‍മാരായ സുരേഷ് താളൂര്‍, അമല്‍ ജോയ്, സിന്ധു ശ്രീധരന്‍, എ.എന്‍ സുശീല, ബിന്ദു പ്രകാശ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, കായിക അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.