മലയാളത്തിന്റെ മഹോത്സവമായ  കേരളീയത്തിന്റെ വരവറിയിച്ച് ജില്ലയിൽ ഫ്‌ളാഷ് മോബുകൾക്ക് തുടക്കമായി. പൂജപ്പുര എൽ ബിഎസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർത്ഥിനി സംഘത്തിന്റെ നേതൃത്വത്തിൽ  അവതരിപ്പിക്കുന്ന  ഫ്ളാഷ് മോബിന്റെ ആദ്യ അവതരണം ശനിയാഴ്ച വൈകിട്ട് 3.30 ന് തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളജിൽ അരങ്ങേറി. നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

സംഗീതവും നൃത്തവും സമന്വയിപ്പിച്ച് അവതരിപ്പിച്ച കലാവിരുന്നിൽ കേരളത്തിലെ തനത് കലകളുടെ ദൃശ്യങ്ങളും പ്രദർശിപ്പിച്ചു. തുടർന്ന് നഗരത്തിലെ രണ്ടാമത്തെ ഫ്‌ളാഷ് മോബ് വൈകിട്ട് 4.30ന്  മ്യൂസിയത്തിലും അരങ്ങേറി. തുടർന്നുള്ള ദിവസങ്ങളിൽ നഗരത്തിലെ പ്രധാന കോളേജുകളിലും തിരക്കേറിയ പൊതുസ്ഥലങ്ങളിലും സംഘം ഫ്ളാഷ് മോബുകൾ അവതരിപ്പിക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് കേരളീയം സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഫ്‌ളാഷ്‌മോബ് സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ നർത്തകരായ ശരത് സുന്ദർ, ഗോകുൽ ജെ, ജോമോൻ എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്.