വനപ്രദേശങ്ങളില്‍ കഴിയുന്ന മലമ്പണ്ടാര ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിന് പദ്ധതിയുമായി കുടുംബശ്രീ. ജില്ലയിലെ പെരുനാട്, സീതത്തോട്, തണ്ണിത്തോട്, അരുവാപുലം എന്നീ പഞ്ചായത്തുകളിലാണ് മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി ഉള്ളത്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ വനത്തിനുള്ളില്‍ തന്നെ അലഞ്ഞുനടക്കുന്നതാണ് ഇവരുടെ പ്രകൃതം. വനവിഭവങ്ങള്‍ ശേഖരിക്കലാണ് ഇവരുടെ പ്രധാന ഉപജീവനമാര്‍ഗം. വനവിഭവങ്ങള്‍, കുടിവെള്ളം എന്നിവയുടെ ലഭ്യത, വന്യജീവികളുടെ സാന്നിധ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് മലമ്പണ്ടാര വിഭാഗം വനത്തിനുള്ളില്‍ ദേശാടനം നടത്തുന്നത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിനായി കുടുംബശ്രീക്ക് നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ 24 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് മലപ്പണ്ടാര വിഭാഗത്തിന്റെ സുസ്ഥിര വികസനം കൂടിയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിനായി മലമ്പണ്ടാര വിഭാഗങ്ങളെ കണ്ടെത്തി സമഗ്ര വിവരശേഖരണവും കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിക്കഴിഞ്ഞു. 154 കുടുബങ്ങളാണ് മലമ്പണ്ടാര വിഭാഗത്തില്‍ ജില്ലയില്‍ കഴിയുന്നത്. ഇതില്‍ നിന്നും 65 കുടുംബങ്ങളെ വിവരശേഖരണത്തിന്റെ ഭാഗമായി കണ്ടെത്തി. ഈ കുടുംബങ്ങളിലെ 330 പേരില്‍ 115 പുരുഷന്മാരും, 120 സ്ത്രീകളും, 95 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഓരോരുത്തരുടേയും പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, തൊഴിലധിഷ്ഠിത പരിശീലനം, നിലവിലെ തൊഴില്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണോ, വിവാഹിതരാണോ, പെന്‍ഷന്‍ ലഭിക്കുന്നവരുണ്ടോ, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ് ഇവയുണ്ടോ, രോഗങ്ങള്‍, ഇവരുടെ ഉപജീവനമാര്‍ഗം, നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് സമഗ്രസര്‍വേ കുടുംബശ്രീ നടത്തിയത്. ഇതില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമഗ്ര വിവരശേഖരണം അടിസ്ഥാനമാക്കി ഒരു സോഫ്റ്റ്‌വെയറും കുടുംബശ്രീ തയാറാക്കിയിട്ടുണ്ട്. ഊരിലൊരു സിനിമ എന്ന പരിപാടിയും കുടുംബശ്രീ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. സിനിമയിലൂടെ ചുറ്റുപാടും നടക്കുന്നതും വനത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചും ഇവരെ ബോധവാന്മാരാക്കി സാമൂഹ്യജീവികളാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ആരോഗ്യപരിചരണം, വിനോദയാത്ര, പ്രശ്‌നങ്ങള്‍ മനസിലാക്കാനുള്ള അദാലത്തുകള്‍, ഭക്ഷണവിതരണം, തുടര്‍പ്രവര്‍ത്തനങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. മലമ്പണ്ടാര വിഭാഗത്തിനായുള്ള പുനരധിവാസവും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കുടുംബശ്രീ ആലോചിക്കുന്നുണ്ട്.