ലോകനാർകാവ് ക്ഷേത്രം ടൂറിസം ഭൂപടത്തിൽ ചിരപ്രതിഷ്ഠ നേടും: മന്ത്രി മുഹമ്മദ് റിയാസ്

ചരിത്ര പ്രാധാന്യമുള്ള ലോകനാർകാവ് ക്ഷേത്രം ടൂറിസം ഭൂപടത്തിൽ ചിരപ്രതിഷ്ഠ നേടാൻ പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . ലോകനാർകാവ് ക്ഷേത്രത്തിൽ നിർമിച്ച ടൂറിസ്റ്റ് റസ്റ്റ് ഹൗസിന്റെയും കളരിത്തറയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മലബാറിൽ സഞ്ചാരികളെ ആകർഷിക്കാൻ ചിലവ് കുറഞ്ഞ താമസ സൗകര്യം എന്നത് ഏറെ പ്രധാനമാണ്. താമസ സൗകര്യത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് കൊണ്ടുവന്നത് ഏറെ നേട്ടമായിട്ടുണ്ട്.

2023 നവംബർ ആകുമ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് സൗകര്യം ഉപയോഗിച്ചവരുടെ എണ്ണം ഒന്നേ മുക്കാൽ ലക്ഷമാകും. ഇതുവഴി സർക്കാറിന് പത്ത് കോടിരൂപയുടെ അധിക വരുമാനമാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

ലോകനാർകാവ് ക്ഷേത്രം ഇനിയുള്ള ദിവസങ്ങളിൽ ലോകം കൂടുതലായി അറിയുമെന്നും സമീപത്തുള്ള പയംങ്കുറ്റിമല ടൂറിസം പരിപോഷിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. രണ്ട് ഘട്ടങ്ങളിലായി അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ലോകനാർകാവിൽ പൂർത്തീകരിച്ചത്. ലോകനാർകാവിലെത്തുന്ന തീർഥാടന സഞ്ചാരികൾക്ക് താമസിക്കാനുള്ള റസ്റ്റ് ഹൗസിൽ 14 ശീതികരിച്ച മുറികളും 11 കിടക്കകളുമുള്ള ഡോർമിറ്ററിയുമാണുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം നടത്തിയത്.