അഞ്ചുവർഷം കൊണ്ട് 15,000 കിലോമീറ്റർ റോഡുകൾ ബി.എം& ബി.സി നിലവാരത്തിലാക്കണമെന്ന ലക്ഷ്യം രണ്ടര വർഷം കൊണ്ടു തന്നെ പൂർത്തീകരിക്കാനായെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാഞ്ഞിരത്തിന്മൂട് – പാറപ്പാട് റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണ റോഡിനേക്കാളും മൂന്നിരട്ടിയോളം പണം ചെലവഴിച്ചാണ് ബി.എം & ബി.സി റോഡുകൾ നിർമിക്കുന്നത്. എന്നാൽ എറ്റവും ഗുണനിലവാരമുള്ളതും കൂടുതൽ കാലം ഈട് നിൽക്കുന്നതുമായ ആധുനികത സങ്കേതിക രീതിയിലുള്ള നിർമാണമാണ് ബി.എം & ബി.സി. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ 62 പൊതുമരാമത്ത് റോഡുകളിൽ 51 റോഡുകളും ബി.എം & ബി.സിയിൽ നിർമ്മിച്ചതാണ്.
മണ്ഡലത്തിലെ 222 കിലോമീറ്റർ പി.ഡബ്ല്യൂഡി. റോഡുകളിൽ 196 കിലോമീറ്റർ ഈ സങ്കേതിക വിദ്യയിൽ നിർമ്മിച്ചതാണ്. സംസ്ഥാനത്തെ ശരാശരിയിലും മേലെയാണ് ചെങ്ങന്നൂരിലെ റോഡുകൾ. സംസ്ഥാനത്ത് 30000 കിലോമീറ്ററാണ് പൊതുമരാമത്ത് റോഡുള്ളത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് 50 ശതമാനത്തിൽ താഴെ മാത്രമായിരുന്നു ബി.എം & ബി.സി റോഡുകളെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. 3.08 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ച് റോഡിൻറെ വശങ്ങൾ ബലപ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷയ്ക്കായി മാർക്കിംഗ്, റിഫ്ലക്ടീവ് സ്റ്റഡുകൾ, വിവിധ സൈൻ ബോർഡുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
പെരിങ്ങാല വായനശാല ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. പത്മാകരന്, മുരളീധരന്‍പിള്ള, കെഎസ്സിഎംഎംസി ചെയര്മാന് എം.എച്ച് റഷീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര് രാധാഭായി, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹന്‍, ജനപ്രതിനിധികളായ ബീന ചിറമേല്‍, സ്മിത അജയന്, സുധ ഷാജി, കെ.പി പ്രദീപ്, മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രിയ പാർട്ടി നേതാക്കൾ തുടങ്ങിയവര്‍ പങ്കെടുത്തു.