ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിലെത്തുന്ന കൗമാര കായിക മാമങ്കത്തിന് ചൊവ്വാഴ്ച തുടക്കമാകും (ഒക്ടോബർ 17). 65-ാം മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനു മുന്നോടിയായി ദീപശിഖ പ്രയാണം ഇന്ന്  തൃശ്ശൂർ തേക്കിൻ മൈതാനിയിലെ തെക്കേഗോപുരനടയിൽ നിന്ന് ആരംഭിക്കും. ദീപശിഖ പ്രയാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ എം വിജയന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്യും. മേയർ എം കെ വർഗ്ഗീസ് അധ്യക്ഷനാകും. ടി എൻ പ്രതാപൻ എംപി, പി ബാലചന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, ഡി ഡി ഇൻ ചാർജ് ബാബു എം പ്രസാദ്, ഡിഡിഒ എ അൻസാർ, ജില്ലയിലെ കായിക താരങ്ങൾ, കായിക വകുപ്പ് ഉദ്യോഗസ്ഥർ, കായിക വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.

വിവിധ വിദ്യാലയങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ദീപശിഖ പ്രയാണം വൈകീട്ട് അഞ്ചിന് കുന്നംകുളം നഗരം പ്രദക്ഷിണം ചെയ്ത് കായിക മത്സര വേദിയിലേക്ക് എത്തിച്ചേരും.

ഇന്ന്  മുതൽ സംസ്ഥാന സ്കൂൾ കായിക മേളയുടെ രജിസ്ട്രേഷൻ ആരംഭിക്കും. കായിക താരങ്ങളും ഇന്ന് എത്തും. ആദ്യമെത്തുന്ന ടീമിന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. 2679 കായിക പ്രതിഭകളാണ് കായികോത്സവത്തിൽ മാറ്റുരയ്ക്കുക. വയനാട് ജില്ലയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കായിക പ്രതിഭകൾ പങ്കെടുക്കുന്നത്.