അഞ്ച്  വർഷങ്ങൾ കൊണ്ട് 100 പാലങ്ങൾ നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചെങ്ങന്നൂർ -കുത്തിയതോട് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സർക്കാരിന്റെ ആദ്യ മൂന്നു വർഷങ്ങളിൽ അമ്പതിൽ കുറയാത്ത പാലങ്ങളുടെ പ്രവർത്തി പൂർത്തീകരിക്കുക എന്ന ലക്ഷ്യം ഇതിനകം മറികടന്നു. രണ്ടു വർഷവും നാലുമാസവും കഴിഞ്ഞപ്പോൾ 81 പാലങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിലെ 33 പാലങ്ങളിൽ 27 പാലങ്ങളും മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി ഉണ്ടായതാണെന്നും മന്ത്രി പറഞ്ഞു. പാലങ്ങൾ നിർമിക്കുന്നതിന് പുറമേ ഇവ ദീപാലംകൃതമാക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും. ഇതിനകം ആലപ്പുഴ ജില്ലയിലും ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

കുത്തിയതോട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിന്‍ ജിനു ജേക്കബ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വത്സല മോഹന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മനോജ് കുമാര്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി സുഭാഷ്, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദീപ്തി ഭാനു, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ പാലം വരുന്നതോടെ പാണ്ടനാട്- തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് വളഞ്ഞവട്ടം, കടപ്ര, തിരുവല്ല ഭാഗത്തേക്ക് വേഗത്തില്‍ എത്താം. നിലവിലുള്ള ആംബുലൻസ് പാലത്തിന് പകരമായി 13.88 കോടി രൂപ വിനിയോഗിച്ച് വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകാവുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. വാഹന ഗതാഗതത്തിനായി 7.50 മീറ്റർ വീതിയുള്ള ക്യാരേജ് വെയും, 1.50 മീറ്റർ വീതിയിൽ ഇരുവശത്ത് നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിന്റെ ആകെ വീതി. പാലത്തിന്റെ മധ്യഭാഗത്ത് 32 മീറ്റർ നീളത്തിൽ ബ്രോസ്ട്രിംങ്‌ ആർച്ചു സ്പാനും, 12 മീറ്ററും 20 മീറ്ററും നീളത്തിൽ ഓരോ സ്പാനുകളും നിർമിക്കും.64 മീറ്ററാണ് പാലത്തിന്റെ നീളം.