റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 93 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന തൂവൽ പാലം ഉടൻ യഥാർഥ്യമാക്കുമെന്ന് എം എം മണി എം എൽ എ. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ എഴുകുംവയൽ-തൂവൽ- പത്തുവളവ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന്റെ നിർമ്മാണപ്രവൃത്തികൾക്കായുള്ള സാങ്കേതിക നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുമരാമത്ത് രംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . തൂവൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞ് അധ്യക്ഷത വഹിച്ചു. പിഡബ്ല്യൂഡി നെടുങ്കണ്ടം സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ചിത്ര കെ തങ്കപ്പൻ പദ്ധതി വിശദീകരണം നടത്തി.

v

2023-24 ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ മുതൽ മുടക്കിൽ ബി എം ബി സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. അഞ്ച് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുക . സംരക്ഷണഭിത്തി, കലുങ്ക്, ഓട, മറ്റ് റോഡ് സുരക്ഷ സംവിധാനങ്ങൾ ഉൾപ്പടെയുള്ള റോഡിന്റെ നിർമ്മാണപ്രവർത്തികൾ മെയ്‌ മാസത്തോടെ പൂർത്തീകരിക്കും.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ, വൈസ് പ്രസിഡന്റ് അജേഷ് മുതുകുന്നേൽ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി തോമസ്,നെടുങ്കണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് പള്ളിയാടി, ബിന്ദു സഹദേവൻ, വിജി വിജയൻ, പ്രീമി ലാലിച്ചൻ ,ലിനി മോൾ ജോസ്, സഹകരണ യൂണിയൻ ഡയറക്ടർ വി സി അനിൽ, എഴുകുംവയൽ പ്രസിഡന്റ് സാബു മണിമലകുന്നേൽ, എഴുകുംവയൽ പ്രസിഡന്റ് കെ പി രാജൻ, തൂവൽ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഷാജി പള്ളിവാതുക്കൽ, രാഷ്ട്രീയകക്ഷി നേതാക്കളായ ജോണി പുതിയാപറമ്പിൽ, വിൻസെന്റ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.