51 ശതമാനം കുട്ടികളും കുത്തിവെപ്പ് സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ

കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന 12 മാരക രോഗങ്ങളിൽ നിന്നും കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ സംഘടിപ്പിച്ച മിഷൻ ഇന്ദ്രധനുഷ് 5.0 സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞം മൂന്നാംഘട്ടത്തിൽ മികച്ച നേട്ടം കൈവരിച്ച് മലപ്പുറം ജില്ല. ജില്ലയിലെ 51 ശതമാനം കുട്ടികളും കുത്തിവെപ്പ് സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. പരിപാടിയുടെ ഭാഗമായി മൂന്നാമത്തെ ഘട്ടത്തിൽ 17,646 കുട്ടികളും 1391 ഗർഭിണികളുമാണ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്.

സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞം മൂന്നാംഘട്ടം ഒക്ടോബർ 14നാണ് അവസാനിച്ചത്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതും ഭാഗികമായി എടുത്തതുമായ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും, ഗർഭിണികൾക്കും വാക്‌സിൻ നൽകുന്ന സമ്പൂർണ്ണ വാക്‌സിനേഷൻ പരിപാടിയാണ് മിഷൻ ഇന്ദ്രധനുഷ് 5.0.
ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞം പരിപാടി നടന്നത്. യു-വിൻ പോർട്ടൽ വഴിയാണ് വാക്‌സിനേഷൻ നടക്കുന്നത്. കുത്തിവെപ്പ് സ്വീകരിച്ച എല്ലാ കുട്ടികൾക്കും പോർട്ടൽ വഴി സർട്ടിഫിക്കറ്റ് സ്വന്തമായി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഇങ്ങനെ കുത്തിവെപ്പ് സ്വീകരിച്ച എല്ലാ കുട്ടികൾക്കും യു-വിൻ പോർട്ടലിൽ നിന്ന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

മിഷൻ ഇന്ദ്രധനുഷ് 5.0 പരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ മേൽമുറി എം.എം.ഇ.ടി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി സി. ദാന ഒന്നാം സ്ഥാനവും പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എച്ച്.എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി യു.കെ നശ്വ നാമി രണ്ടാം സ്ഥാനവും നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ആൽവിന വർഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിഷൻ ഇന്ദ്രധനുഷ് 5.0 പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ അരീക്കോട് സ്വദേശി ഗിരിധർ ഒന്നാം സ്ഥാനം നേടി. വിജയികൾക്കുള്ള ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവ ആരോഗ്യവകുപ്പിൽ നിന്നും നൽകുന്നതാണ്.