തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി മാനിവയലില്‍ പൂര്‍ത്തീകരിച്ച ആലത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനിവയല്‍ അരയാല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണം നടത്തി. ഒ.ആര്‍ കേളു എം.എല്‍.എയെ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവന്‍ ഉപഹാരം നല്‍കി ആദരിച്ചു.

പദ്ധതിയുടെ പമ്പ് ഹൗസ് നിര്‍മ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ ഇ.സി കേളു വൈദ്യര്‍, ഇ.സി അപ്പച്ചന്‍ വൈദ്യര്‍, എം.ടി കൃഷ്ണന്‍ നായര്‍ മാനിവയല്‍ എന്നിവരെയും കരാറുകാരന്‍ ജോയി കുര്യാക്കോസിനെയും ചടങ്ങില്‍ ആദരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡി അനിത റിപ്പോര്‍ട്ടവതരിപ്പിച്ചു. എം എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 96 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. നെല്‍കൃഷി ചെയ്യാന്‍ വെള്ളം ലഭിക്കാത്തതിനാല്‍ ആലത്തൂര്‍ കാളിക്കൊല്ലി മാനിവയല്‍ പ്രദേശത്തെ 75 ഏക്കര്‍ വരുന്ന പാടശേഖരം വര്‍ഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടക്കുകയായിരുന്നു.

പദ്ധതി യാഥാര്‍ത്ഥ്യമായതോടെ പ്രദേശവാസികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിനാണ് വിരാമമായത്. 2022 ഫെബ്രുവരിയില്‍ നിര്‍മ്മാണോദ്ഘാടനം നടത്തിയ പദ്ധതി 5 ഘട്ടങ്ങളിലായിട്ടാണ് പൂര്‍ത്തീകരിച്ചത്. ആലത്തൂര്‍, കാളിക്കൊല്ലി ഭാഗത്തെ 60 ഹെക്ടറോളം വരുന്ന വയലും കരയുമുള്‍പ്പെടുന്ന കൃഷിയിടത്തെയും കൃഷിയെയും കുടിവെള്ള ലഭ്യതയെയും പതിറ്റാണ്ടുകള്‍ പരിപോഷിപ്പിക്കാനുതകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ബി.എം വിമല, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി.എന്‍ ഹരീന്ദ്രന്‍, റുഖിയ സൈനുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ എം പ്രഭാകരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ഉസ്മാന്‍, കൃഷി ഓഫീസര്‍ ആന്‍സ അഗസ്റ്റിന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി സൗമിനി, കെ.ടി ഗോപിനാഥന്‍, കെ.എം ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.