സാംസ്‌കാരിക പ്രൗഡി വിളംബരം ചെയ്ത് ഘോഷയാത്ര

കുന്നംകുളം നഗരത്തിന്റെ പ്രൗഡി വിളിച്ചോതി വിളംബര ഘോഷയാത്രയോടെ 65-ാം മത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം. മുത്തുക്കുടകളുടെയും വാദ്യഘോഷമേളങ്ങളുടെയും അകമ്പടിയോടെ ടൗണ്‍ഹാളില്‍ നിന്നും പുറപ്പെട്ട ഘോഷയാത്ര നഗരം ചുറ്റി മത്സര വേദിയായ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. എ സി മൊയ്തീന്‍ എംഎല്‍എ വിളംബര ഘോഷയാത്രയെ സ്വീകരിച്ചു.

വിളംബര ഘോഷയാത്രയില്‍ ജില്ലയിലെ സ്പോര്‍ട്സ് വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ് കേഡറ്റ് പോലീസ്, എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാര്‍ എന്നിങ്ങനെ ആയിരക്കണക്കിന് വാദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. റോളര്‍ സ്‌കേറ്റിങ്ങ്, ബാന്റ് വാദ്യം, ചെണ്ടമേളം തുടങ്ങിയവ വിളംബര ജാഥയ്ക്ക മാറ്റ് കൂട്ടി.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ എല്‍ ഹരീഷ് ശങ്കര്‍, ഡി ഡി ഇന്‍ ചാര്‍ജ്ജ് ബാബു എം പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കായികാധ്യാപകര്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ വിളംബര ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.