സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ രുചി വൈവിധ്യം നിറയ്ക്കാൻ പാചകപ്പുര തയ്യാർ. കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിലാണ് വിഭവ സമൃദ്ധമായ പാചകം. ഒപ്പം 45 സഹായികളുമുണ്ട്.
കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സീനിയർ ഗ്രൗണ്ടിലെ പാചകപ്പുരയിലെ പാലുകാച്ചൽ ചടങ്ങ് എസി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു.
നാളെ ഉച്ചയ്ക്ക് (ഒക്ടോബർ 17) സാമ്പാർ, അവിയൽ, കൂട്ടുകറി, പുളിശ്ശേരി, കാളൻ, മോര്, അച്ചാർ എന്നീ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. പാലട പായസവും ഉണ്ടാകും. എല്ലാ ദിവസവും പായസത്തോടുകൂടി വിഭവ സമൃദ്ധമായ സദ്യയുണ്ടാകും. രാവിലെ പാൽ, മുട്ട എന്നിവയും രാവിലെ 10 നും വൈകീട്ട് 4 നും ചായയും ലഘു പലഹാരവും നൽകും. അപ്പം, ഇഡ്ഡലി, ദോശ, നൂലപ്പം, എന്നിങ്ങനെയാണ് വിവിധ ദിവസങ്ങളിലെ പ്രഭാത ഭക്ഷണം. രാത്രി നോൺ വെജ്ജ് വിഭവങ്ങളും ഉണ്ടാകും.
പത്ത് കൗണ്ടറുകളിലായി 1000 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്നൂറോളം അധ്യാപകരുടെ നേതൃത്വത്തിൽ ഭക്ഷണം വിളമ്പലും കേമമാക്കും. ഒക്ടോബർ 20 ന് സമാപന ദിവസം 2000 പേർക്കുള്ള ഭക്ഷണം പാർസലായും നൽകുന്നുണ്ട്. കായിക താരങ്ങളും ഒഫിഷ്യൽസും ഉൾപ്പെടെ കായികോത്സവത്തിന്റെ ഭാഗമാകുന്ന 6000 ത്തോളം പേർക്കാണ് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുന്നത്.