357 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷർ യോഗത്തിൽ പങ്കെടുക്കും
കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരുന്നു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ സഹകരണത്തോടെ യാണ് പരിപാടി സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുത്ത 357 ഗ്രാമപഞ്ചായത്തുകളെ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് യോഗം നടത്തുന്നത്.
എന്റെ തൊഴിൽ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ 2024 വരെയുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും. പ്രോജക്ട് അവതരണം, പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പ്, ഗ്രൂപ്പ് ചർച്ച എന്നിവ യോഗത്തിന്റെ ഭാഗമായി നടക്കും.
കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 140 പഞ്ചായത്തുകൾ ഉൾപ്പെടുന്ന കോഴിക്കോട് റീജിയണൽ യോഗം ഒക്ടോബർ 18ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേരും.
പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ അഞ്ച് ജില്ലകളിലെ 142 പഞ്ചായത്തുകൾ ഉൾപ്പെടുന്ന തൃശ്ശൂർ റീജിയണൽ യോഗം ഒക്ടോബർ 19ന് തൃശൂർ വിജ്ഞാൻ സാഗർ സയൻസ് ടെക്‌നോളജി പാർക്കിൽ നടക്കും. ആലപ്പുഴ, പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ 75 പഞ്ചായത്തുകൾ ഉൾപ്പെടുന്ന തിരുവനന്തപുരം റീജിയണൽ യോഗം ഒക്ടോബർ 20ന് തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കും.
എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിക്കുകീഴിൽ രജിസ്റ്റർ ചെയ്ത 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 357 ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെയാണ് യോഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 18 നും 59 നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് എന്റെ തൊഴിൽ എന്റെ അഭിമാനം. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലന്വേഷകരാണ് തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഗുണഭോക്താക്കൾ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ , ഡി ഡബ്യു എം എസിൽ രജിസ്റ്റർ ചെയ്തവരെയാണ് പരിശീലനം നൽകി തൊഴിൽ സജ്ജരാക്കുന്നത്. തൊഴിലന്വേഷകർക്കായി 399 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും തൊഴിൽ മേളകൾ നടത്തും. നോളെജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ DWMS(ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം)ൽ പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും തൊഴിൽ തയ്യാറെടുപ്പിനുള്ള പിന്തുണ മിഷന്റെ സംവിധാനത്തിലൂടെ നൽകും. നൈപുണീ പരിശീലനം, കരിയർ കൗൺസിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്‌കോർ ടെസ്റ്റ്, റോബോട്ടിക് ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് മിഷൻ ലഭ്യമാക്കുന്ന സേവനങ്ങൾ.