നവംബര്‍ 1 മുതല്‍ 7 വരെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു. സമാപന ചടങ്ങ് ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

തൃശ്ശൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ജില്ലാതല പാചകമത്സരത്തില്‍ 13 ടീമുകള്‍ മാറ്റുരച്ചു. നെയ്‌ച്ചോറ്, മലബാര്‍ ചിക്കന്‍ കറി, പായസം എന്നീ വിഭവങ്ങളിലായാണ് പാചക മത്സരം സംഘടിപ്പിച്ചത്. വാശിയേറിയ പാചക മത്സരത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സി.ഡി.എസ് – 2 ലെ കല്യാണി കഫെ ഒന്നാം സ്ഥാനവും, ഒരുമനയൂര്‍ സിഡിഎസിലെ മൈ ബ്ലോസം കഫെ രണ്ടാം സ്ഥാനവും, വെള്ളാങ്കല്ലൂര്‍ സി.ഡി.എസിലെ ലാവന്‍ഡര്‍ കഫെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍സ്ട്രക്ടര്‍ ശ്യാം, കുടുംബശ്രീ പരിശീലന കേന്ദ്രമായ ഐഫ്രം സിഇഒ അജയകുമാര്‍, ക്രൈസ്റ്റ് കോളേജ് ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജെന്നി എന്നിവരുടെ നേതൃത്വത്തിലാണ് പാചക മത്സരത്തിന്റെ വിധിനിര്‍ണയം നടത്തിയത്.

പാചക മത്സരത്തോടനുബന്ധിച്ചു കുടുംബശ്രീ ഉപജീവന ഉപസമിതി കണ്‍വീനര്‍മാര്‍ക്കായി ‘ഫുഡ് സേഫ്റ്റി ആന്റ് ഹൈജിന്‍’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. കവിത എ, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാരായ നിര്‍മ്മല്‍ എസ് സി, സിജുകുമാര്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ ഹരിപ്രസാദ് എസ്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.