കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഔഷധിയുടെ പവലിയന്‍. കായിക താരങ്ങള്‍ക്ക് സൗജന്യ ചികിത്സയും പ്രത്യേക രണ്ട് മരുന്നും നല്‍കിയാണ് ഔഷധി പവലിയന്‍ ശ്രദ്ധേയമാകുന്നത്. ഒപ്പം ദാഹശമനിയായ ആയുഷ് ക്വാഥത്തില്‍ നാരങ്ങനീരും തേനും ചേര്‍ത്ത് നല്‍കുന്ന ദാഹ ശമനിയും ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. കൊടും ചൂടിനെ മറികടക്കുന്ന ഈ പാനീയത്തിന് ഒറ്റ ദിവസം കൊണ്ട് ആവശ്യക്കാരേറെയായി.
കായിക താരങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും ഔഷധിയുടെ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. അതിനായി 2 ഡോക്ടര്‍മാര്‍, നഴ്‌സ്, തെറാപ്പിസ്റ്റ് എന്നിവരുടെ സേവനവുമുണ്ട്. ഒറ്റ ദിവസം കൊണ്ട് പതിനേഴോളം പേര്‍ ഇവിടെനിന്ന് ചികിത്സ തേടി. നാളെയുടെ പ്രതീക്ഷയായ കായിക താരങ്ങള്‍ക്കുള്ള ഔഷധിയുടെ പ്രതിബദ്ധതയാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു.
ഔഷധി പവലിയന്റെ ഉദ്ഘാടനം പൊതു വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി നിര്‍വ്വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, എ സി മൊയ്തീന്‍ എംഎല്‍എ, ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്, ഔഷധി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.