2021 മെയ് 20 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലത്ത് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട 425 കുട്ടികള്‍ക്ക് വിദേശത്തെ ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ അവസരം ഒരുക്കിയതായി പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ കോളനികളില്‍ പൂര്‍ത്തീകരിച്ച നവീകരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ സമൂഹത്തിലെ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരുപാട് കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തത്. ഈ വര്‍ഷം 310 കുട്ടികളെ കൂടി ഉന്നത പഠനത്തിനായി വിദേശത്തേക്ക് അയക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. മുന്‍കാലത്തൊന്നും ഇല്ലാത്ത വിധത്തിലാണ് രണ്ടുവര്‍ഷം കൊണ്ട് ഇത്രയധികം കുട്ടികളെ വിദേശ സര്‍വ്വകലാശാലകളില്‍ അയച്ച് പഠിക്കാന്‍ അവസരം ഒരുക്കിയത്. ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ എയര്‍ഹോസ്റ്റസുമാരയി തിരഞ്ഞെടുത്ത് പരിശീലനം നല്‍കി. വിദേശ കമ്പനികളുമായി സഹകരിച്ച് ഇവര്‍ക്ക് മികച്ച ജോലിയും ലഭ്യമാക്കി.
നിരന്തരമായ സര്‍ക്കാര്‍ ഇടപെടലിലൂടെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമില്‍ പൈലറ്റ് കോഴ്‌സിന് ചേരുന്നതിന് കോട്ടയം പുതുപ്പള്ളി സ്വദേശി നവ്യ, തിരുവനതപുരം സ്വദേശി ശിവ ലക്ഷ്മി എന്നീ രണ്ടു കുട്ടികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആദ്യ ഗഡുവായ 8.40ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി കഴിഞ്ഞു. വിദേശത്ത് പോയി പഠിക്കുന്നതിന് പത്ത് മുതല്‍ 35 ലക്ഷം രൂപ വരെയാണ് ചെലവ്. പഠനത്തിന് ആവശ്യമായ കോഷന്‍ ഡെപ്പോസിറ്റ് അടക്കം സര്‍ക്കാരാണ് നല്‍കുന്നത്. സ്വന്തമായി കോഷന്‍ ഡെപ്പോസിറ്റ് അടയ്ക്കാന്‍ സാധിക്കുന്നവര്‍ അതിനായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തില്‍ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ആളുകളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നീതി ആയോഗിന്റെ കണക്ക് പ്രകാരം കേരളത്തില്‍ അവശേഷിക്കുന്ന അതിദാരിദ്രര്‍ 0.52% മാത്രമാണ്. അവരെ കൂടി ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. 2025 നവംബര്‍ ഒന്നൊടുകൂടി കേരളം അതിദാരിദ്ര്യത്തില്‍ നിന്നും മോചിതരാകുമെന്നാണ് കണക്കാക്കിയത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ റിവ്യൂ മീറ്റിംഗില്‍ അതിദാരിദ്ര്യം അനുഭവിക്കുന്ന 0.52% ആളുകളില്‍ 97 ശതമാനം ആളുകളെയും 2024 നവംബര്‍ 1ഓടെ തന്നെ മോചിപ്പിക്കാനാവുമെന്ന് മനസ്സിലാക്കി. അവശേഷിക്കുന്ന മൂന്നു ശതമാനം ആളുകളെയും മോചിപ്പിക്കുന്നതിലൂടെ 2024 ഡിസംബര്‍ 31ഓടെ അതിദാരിദ്രരില്ലത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. മനുഷ്യന്‍ പട്ടിണി കിടക്കാന്‍ പാടില്ല എന്നതായിരിക്കണം എല്ലാ വികസനത്തിന്റെയും നേട്ടം. കോളനി എന്ന സംസ്‌കാരം മാറ്റി പുതിയൊരു സംസ്‌കാരത്തിന്റെ ഉടമകളായി മാറാന്‍ നമുക്ക് കഴിയണം. ഓരോ പ്രദേശത്തെയും ജനങ്ങള്‍ തന്നെ യോഗം ചേര്‍ന്ന് കോളനി എന്ന പേരിനു പകരം മറ്റൊരു പേര് നിര്‍ദ്ദേശിക്കാമെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി സജി ചെറിയാനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷത്തെ ചരിത്രമെടുത്താല്‍ വലിയൊരു മാറ്റമാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ലൈഫ് മിഷന്‍, വിദ്യാഭ്യാസം, ആരോഗ്യം, അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍, സമ്പൂര്‍ണ്ണ തരിശുരഹിത മണ്ഡലം, ഫയര്‍ സ്റ്റേഷന്‍, ട്രാഫിക് സ്റ്റേഷന്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, ചെങ്ങന്നൂര്‍ കുടിവെള്ള പദ്ധതി തുടങ്ങി മണ്ഡലത്തിലെ എല്ലാ മേഖലകളിലും വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ നിര്‍മാണവും ശവസംസ്‌കാര ക്രീമേഷന്‍ നിര്‍മാണവുമെല്ലാം പുരോഗതിയിലാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നമ്പര്‍ വണ്‍ മണ്ഡലമാക്കി ചെങ്ങന്നൂരിനെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമപദ്ധതിയിലും പ്രളയ ബാധിത കോളനികളുടെ പുനര്‍നിര്‍മാണ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് വിവിധ കോളനികളുടെ നവീകരണം പൂര്‍ത്തിയാക്കിയത്. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്ത 15 കോളനികളില്‍ 6 കോളനികളുടെ നവീകരണമാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല.
വീടുകളുടെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍, തറയോടു പാകല്‍, ജനലുകള്‍, കതകുകള്‍ ഘടിപ്പിച്ചു നല്‍കല്‍, ഭിത്തി തേച്ചു നല്‍കല്‍ എന്നിവ ഉള്‍പ്പെട്ട അറ്റകുറ്റപ്പണികളും ഇടറോഡുകളുടെ കോണ്‍ക്രീറ്റിങ്ങുമാണ് പൂര്‍ത്തീകരിച്ചത്. കൊല്ലംതറ, പൂപ്പരത്തി, മാവേലിത്തറ, പേരിശ്ശേരി, കിണറുവിള, കിഴക്കേത്തുരുത്തിയില്‍ എന്നീ കോളനികളാണ് നവീകരിച്ചത്.
വിവിധ കോളനികളില്‍ നടന്ന ചടങ്ങുകളില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി,ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, ആല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. മുരളീധരന്‍ പിള്ള, പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാര്‍, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി സജന്‍, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിന്‍ ജിനു ജേക്കബ്, വൈസ് പ്രസിഡന്റ് മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹന്‍, ഗ്രാമപഞ്ചായത്ത് അംഗം വിജയ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എല്‍സി കോശി, അലീന വേണു, സുജ രാജീവ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ശാന്തി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ജോസഫ്, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഗീത സുരേന്ദ്രന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജ് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ സതീഷ് കല്ലുപറമ്പില്‍, ബിന്ദു കുരുവിള, ആല പഞ്ചായത്തംഗങ്ങളായ എല്‍സിവര്‍ഗീസ്, കെ.ആര്‍. മുരളീധരന്‍പിള്ള, പുലിയൂര്‍ പഞ്ചായത്തംഗങ്ങളായ സരിത ഗോപന്‍, സവിത, പ്രമോദ് അമ്പാടി, പഞ്ചായത്ത് സെക്രട്ടറി ടി എസ് ഗോപീ കൃഷ്ണന്‍, മുന്‍ പഞ്ചായത്തംഗം വത്സമ്മ സുരേന്ദ്രന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ഹരികുമാര്‍ മൂരിത്തിട്ട, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി. ബെഞ്ചമിന്‍, ജില്ല ഉപദേശക സമിതി അംഗം സന്തോഷ് കുമാര്‍, ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ ബിജി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലംതറ കോളനിയില്‍ 74.33 ലക്ഷം രൂപ ചെലവില്‍ 33 വീടുകളുടെ നവീകരണവും 37 വീടുകളുടെ പരിസരം ഉയര്‍ത്തല്‍ പ്രവര്‍ത്തനങ്ങളുമാണ് നടത്തിയത്. പൂപ്പരത്തി കോളനിയില്‍ 97.43 ലക്ഷം രൂപ ചെലവില്‍ 52 വീടുകളുടെ നവീകരണവും റോഡ് നിര്‍മ്മാണവുമാണ് നടത്തിയത്. മാവേലിത്തറയില്‍ 1.21 കോടി രൂപ ചെലവില്‍ 59 വീടുകളുടെ നവീകരണവും 169 മീറ്റര്‍ റോഡ് നിര്‍മ്മാണവുമാണ് നടത്തിയത്. പേരിശ്ശേരിയില്‍ 31.41 ലക്ഷം രൂപ ചെവലില്‍ 24 വീടുകള്‍ നവീകരിച്ചു. കിണറുവിളയില്‍ 47.63 ലക്ഷം രൂപ ചെവലില്‍ 25 വീടുകളുടെ നവീകരണവും 431 മീറ്റര്‍ റോഡും നിര്‍മിച്ചു. കിഴക്കേത്തുരുത്തിയില്‍ 1.25 കോടി രൂപ ചെലവില്‍ 61 വീടുകള്‍ നവീകരിച്ചു. 140 മീറ്റര്‍ റോഡും നിര്‍മിച്ചിട്ടുണ്ട്.