ബാലാവകാശ സംരക്ഷണനത്തിന് ഇതര വകുപ്പുകളുടെ ഏകോപനം പ്രധാനപ്പെട്ടതാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള ബാലാവകാശ സംരക്ഷണ പുരോഗതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വകുപ്പുകള്‍ക്കും ബാലാവകാശ സംരക്ഷണനത്തിന് നിര്‍ണ്ണായകമായ ചുമതലകളുണ്ട്.

ഒരേപദ്ധതികള്‍ വിവിധ വകുപ്പുകള്‍ ആവിഷ്‌കരിക്കുമ്പോള്‍ പരസ്പര ധാരണ വേണം. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പദ്ധതികള്‍ തീരുമാനിക്കുമ്പോള്‍ എല്ലാ വകുപ്പുകളുടെയും കൂടിയാലോചനകള്‍ വേണം. ബാലസൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്ക് ഇതു വഴി വളരെ വേഗത്തില്‍ എത്താന്‍ കഴിയും. കുട്ടികള്‍ മികച്ച സൗഹൃദാന്തരീക്ഷത്തില്‍ വളരാന്‍ സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യം. പോക്‌സോ കേസുകളില്‍ കൂടുതല്‍ ശ്രദ്ധവേണം.

തോട്ടം ആദിവാസി മേഖലകളില്‍ പോക്‌സോ സംബന്ധിച്ചുള്ള ശരിയായ ബോധവത്കരണം അനിവാര്യമാണ്. കുട്ടികളുടെ അവകാശ സംരക്ഷണനത്തിന് മാതൃകപരമായ ഇടപെടലുകള്‍സ അനിവാര്യമാണ്. ബാലവേലക്കെതിരെ നടപടികള്‍ കാര്യക്ഷമമാക്കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

ജില്ലാ ശിശുസംരക്ഷണ യൂണിറ്റുമായി സഹകരിച്ച് ആര്‍.റ്റി.ഇ, ജുവനൈല്‍ ജസ്റ്റിസ് ,പോക്സോ നിയമങ്ങളുമായി ബന്ധപ്പെട്ടാണ് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ജില്ലാതല അവലോകനം നടന്നത്. എ.ഡി.എം എന്‍ ഐ ഷാജു, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ലയിലെ ബാലവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.