നവംബർ ഒന്നുമുതൽ ഏഴുവരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിന്റെ തീം സോങ് സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു. ‘അക്ഷരവെട്ടം ഉയർത്തിവരുന്നൊരു പുസ്തക കാലമിതാ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നൽകി ആലപിച്ചത് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുൽ വഹാബ് ആണ്. അഖിലൻ ചെറുകോടാണ് ഗാനരചയിതാവ്.

വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ദൃശ്യങ്ങളാണ് ഗാനത്തിനായി ചിത്രീകരിച്ചിരിക്കുന്നത്. കുട്ടികൾ, മുതിർന്നവർ തുടങ്ങി  എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന വായനയുടെ സൗന്ദര്യമാണ് ഗാനത്തിന്റെ പ്രധാന പ്രമേയം. വലിയ വിജയമായിമാറിയ നിയമസഭാ പുസ്തകോത്സവം-ഒന്നാം പതിപ്പിന്റെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.