ചെളി പുരണ്ട ചുമരുകള്‍, ഇടിഞ്ഞു വീണ മതിലുകള്‍, ചെളിയില്‍ മുങ്ങി വഴിയോരങ്ങളില്‍ അനാഥമായ വാഹനങ്ങള്‍, അടഞ്ഞു കിടക്കുന്ന കടമുറികള്‍…രണ്ടാഴ്ച മുന്‍പ് വരെ ചേന്ദമംഗലത്തിന്റെ കാഴ്ചകളായിരുന്നു ഇത്. ആഗസ്റ്റ് 16ന് വെളുപ്പിന് രണ്ട് മണിയോടെ പ്രളയ ജലം കുതിച്ചെത്തിയത് ചേന്ദമംഗലത്തിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്തായിരുന്നു. കഠിനാധ്വാനത്തില്‍ കെട്ടിപ്പടുത്തതെല്ലാം പ്രളയം വിഴുങ്ങിയിട്ടും പ്രതീക്ഷകളോടെ പുതിയ ജീവിതം നെയ്‌തെടുക്കുകയാണ് കൈത്തറിക്ക് പ്രസിദ്ധമായ ഈ നാട്ടിന്‍പുറം.
ചേന്ദമംഗലം പാലിയം കവലയ്ക്ക് കൊച്ചി മുസിരിസ് ബിനാലെയുടെ പ്രതീതിയാണ് ഇന്ന്. ചുറ്റുമതിലുകളും പാലങ്ങളുടെ കൈവരികളുമെല്ലാം പ്രളയത്തെ ഓര്‍മ്മപ്പെടുന്ന ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. നാടിന്റെ ഒത്തൊരുമയും വലിയൊരു ദുരന്തത്തിന്റെ അതിജീവനത്തിന്റെ കഥകളുമെല്ലാം ഈ ചിത്രങ്ങളിലൂടെ നമുക്ക് വായിച്ചെടുക്കാം. പതിനെട്ട് വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്. വിരലില്‍ എണ്ണാവുന്ന വീടുകളൊഴിച്ച് ബാക്കിയുള്ള എല്ലാ വീടുകളും സ്‌കൂളുകള്‍, കടകള്‍ തുടങ്ങിയ മറ്റ് കെട്ടിടങ്ങളും മൂന്ന് ദിവസമാണ് വെള്ളത്തിനടിയില്‍ കഴിഞ്ഞത്. പഞ്ചായത്തിലെ വലിയ പഴമ്പിള്ളി തുരുത്ത്, ചെറിയ പറമ്പിള്ളി തുരുത്ത്, കുഞ്ഞവരാ തുരുത്ത്, ഗോതുരുത്ത്, കുറുമ്പന്‍ തുരുത്ത്, തെക്കേ തുരുത്ത് എന്നീ തുരുത്തുകളും കരിമ്പാടം മേഖലയിലെ തെക്ക് കിഴക്ക് ഭാഗങ്ങളുമാണ് പ്രളയത്തിന്റെ കാഠിന്യത്തെ കൂടുതല്‍ അനുഭവിച്ചത്. പഞ്ചായത്തിന്റെ മൂന്ന് ദിക്കുകളും പെരിയാറിന്റെ കൈവഴികളാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. ചാലക്കുടി പുഴ പെരിയാറിനോട് സംഗമിക്കുന്നതും ചേന്ദമംഗലത്ത് തന്നെ. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മുന്നൂറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പഞ്ചായത്തിലെ 9200 ഓളം വീടുകളില്‍ പകുതിയോളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. നാല് ഹയര്‍ സെക്കന്ററി സ്‌കൂളുകളും ഏഴ് എല്‍.പി സ്‌കൂളുകളും വെള്ളത്തില്‍ തന്നെയായിരുന്നു. ഗോതുരുത്ത് പി.എച്ച്.സി, വടക്കുംപുറം ഹോമിയോ ആശുപത്രി, കൊച്ചങ്ങാടി ആയുര്‍വേദ ആശുപത്രി എന്നിവയും വെള്ളത്തിലായതോടെ ആരോഗ്യ മേഖലയും അനിശ്ചിതത്വത്തിലായി. 28 അംഗനവാടികളുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന ‘ഗ്രാമ ഹരിതാഭം’ പ്രളയത്തോടെ തകര്‍ന്നടിഞ്ഞു. എല്ലാ വീടുകളിലും പച്ചക്കറി കൃഷി എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതി ഓണത്തിന്റെ മുന്നൊരുക്കത്തില്‍ ആയിരുന്നു. ഗ്രാമ പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ നാടിനെ പിടിച്ചുയര്‍ത്താനുള്ള കഠിന പ്രയത്‌നത്തിലാണ് നാട്ടുകാര്‍.
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും വെള്ളത്തില്‍ കിടന്നത് മൂന്ന് ദിവസത്തോളമാണ്. വെള്ളമിറങ്ങി ഓഫീസ് തുറന്നപ്പോഴും രണ്ടടിയോളം ചെളിയുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. പ്രളയം വരുത്തി വച്ച നഷ്ടങ്ങളെ മറികടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് ഓഫീസുകളും അവര്‍ പ്രവര്‍ത്തന സജ്ജമാക്കി. ഓഫീസ് ജോലികള്‍ക്കിടയിലും നനഞ്ഞ ഫയലുകള്‍ ഉണക്കിയെടുക്കാനും അവര്‍ സമയം കണ്ടെത്തി. ഓഫീസ് സമയങ്ങള്‍ രാത്രി ഏഴ് മണി കഴിഞ്ഞും നീളുമ്പോഴും നാടിന്റെ അതിജീവനത്തിനായി അവര്‍ നാട്ടിലെ നല്ല മനസുകള്‍ നല്‍കിയ ലാപ്‌ടോപ്പുകളില്‍ ജോലി തുടര്‍ന്നു.
മാലിന്യ നിര്‍മാര്‍ജനം ആദ്യ കടമ്പ
പ്രളയം ബാക്കിവച്ച ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു മാലിന്യം. മെത്തകള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, ജൈവ മാലിന്യങ്ങള്‍, ഇ- മാലിന്യങ്ങള്‍ എന്നിവ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നീക്കം ചെയ്തത്. മാലിന്യ നിര്‍മാര്‍ജനത്തിന് ചുക്കാന്‍ പിടിച്ചത് നോഡല്‍ ഓഫീസറായ ടിമ്പിള്‍ മാഗി ആയിരുന്നു. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ നടത്തിയ ഊര്‍ജിത പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പൊതുനിരത്തുകളിലും പറമ്പുകളിലും ഉണ്ടായിരുന്ന മാലിന്യ കൂമ്പാരങ്ങള്‍ നീക്കാന്‍ സാധിച്ചത്. ചേന്ദമംഗലം പാലിയം ജംഗ്ഷന്‍ മുതല്‍ ഗോതുരുത്ത് വരെയുള്ള റോഡിന്റെ ഇരുവശങ്ങളും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയായിരുന്നു. പതിനേഴ് ടോറസുകളും അഞ്ച് ടിപ്പറുകളുമാണ് മാലിന്യ നിര്‍മാര്‍ജനത്തിനായി നിരന്തര സേവനം നടത്തിയത്. ഏകദേശം ആയിരം ടണ്‍ മാലിന്യം ചേന്ദമംഗലത്ത് നിന്നും നീക്കം ചെയ്തു. രാവിലെ എല്ലാ പഞ്ചായത്ത് അംഗങ്ങളേയും വിളിച്ച് മാലിന്യം നീക്കുന്നതിനായുള്ള ജെസിബി, ടോറസ് എന്നിവ ഏര്‍പ്പാടാക്കി. എല്ലാ ദിവസവും പഞ്ചായത്ത് തല അവലോകന യോഗങ്ങളും നടത്തി. കുറ്റമറ്റ രീതിയിലുള്ള എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പകര്‍ച്ചവ്യാധിയുടെ വലിയൊരു വിപത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.
ഉയര്‍ത്തെഴുന്നേല്‍പ്പിന് ആദ്യപടിയായി ‘ശ്രമം’
വിഷുക്കാലത്തിലാണ് സാധാരണ ചേന്ദമംഗലത്തെ പാലിയം മാറ്റപ്പാടം സജീവമാകുന്നത്. ഇവിടുത്തെ മാത്രം പ്രത്യേകതയായ മാറ്റച്ചന്ത നടക്കുന്നത് മാറ്റപ്പാടത്താണ്. എന്നാല്‍ ആദ്യമായി വര്‍ഷത്തില്‍ രണ്ടാം തവണയും മാറ്റപ്പാടത്ത് ആളുകളെത്തി. പ്രളയത്തില്‍ തകര്‍ന്ന തങ്ങളുടെ നാടിന്റെ പുനരുജ്ജീവനത്തിന് കൈകോര്‍ത്തായിരുന്നു ‘ശ്രമം’ എന്ന് പേരിട്ട ഈ വര്‍ഷത്തെ രണ്ടാമത്തെ മാറ്റച്ചന്തയ്ക്കായി അവര്‍ എത്തിയത്. ചേന്ദമംഗലം ഗ്രാമ പഞ്ചായത്തും കളക്ടീവ് ഫേസ് വണ്‍ എന്ന സന്നദ്ധ സംഘടനയും ചേര്‍ന്നാണ് ‘ശ്രമം’ മാറ്റച്ചന്ത സംഘടിപ്പിച്ചത്. വെള്ളപ്പൊക്കത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രമുഖ ഗൃഹോപകരണ കമ്പനികള്‍ വിലക്കുറവില്‍ വില്‍പന നടത്തി. കേടായ ഉപകരണങ്ങള്‍ മാറ്റി വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ‘ശ്രമ’ത്തിലൂടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്ത് അതിജീവിക്കുമെന്ന് പ്രസിഡന്റ് ടി.ജി അനൂപ് പറഞ്ഞു.
ചേറിന്റെ കുട്ടി; ചേന്ദമംഗലത്തിന്റെ കുട്ടി
പ്രളയാനന്തരം പ്രതിസന്ധിയിലായ കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പിറവിയെടുത്തതാണ് ചേക്കുട്ടി പാവകള്‍. ചേറിന്റെ കറയുള്ള കൈത്തറി വസ്ത്രങ്ങളും നൂലുകളും ഉപയോഗിച്ചാണ് ചേക്കുട്ടിയുടെ നിര്‍മ്മാണം. ഒരു മുണ്ടില്‍ നിന്ന് ഏകദേശം 120 മുതല്‍ 140 ചേക്കുട്ടി പാവകളെ നിര്‍മ്മിക്കാന്‍ സാധിക്കും. ഒരു പാവയ്ക്ക് 30 രൂപയാണ് വില. 25 രൂപയ്ക്ക് ഓണ്‍ലൈനായും പാവകള്‍ ലഭ്യമാണ്. ചേന്ദമംഗലം കരിമ്പാടം കൈത്തറി സൊസൈറ്റിയിലാണ് നേരിട്ടുള്ള വില്‍പന. ‘ശ്രമം’ മാറ്റച്ചന്തയിലും മുഖ്യാകര്‍ഷണം ഈ പാവകള്‍ ആയിരുന്നു.
ലോകപ്രസിദ്ധമായ ചേന്ദമംഗലം കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തില്‍ പങ്കാളികളാവാന്‍ നിരവധി സ്ഥാപനങ്ങളാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. 13 പ്രാഥമിക സഹകരണ സംഘങ്ങളും അപ്പക്‌സ് സംഘമായി ചേന്ദമംഗലം യാണ്‍ ബാങ്ക് എന്ന സംഘവും നിലവില്‍ കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 53 തറികള്‍ പൂര്‍ണ്ണമായും 202 തറികള്‍ ഭാഗികമായും നശിച്ചു. ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, ഫര്‍ണീച്ചറുകള്‍, കെട്ടിടങ്ങള്‍, വര്‍ക്ക് ഷെഡുകള്‍, ഡൈ ഹൗസുകള്‍ എന്നിവയ്ക്കും നാശമുണ്ടായി. 2.84 കോടി രൂപയുടെ നഷ്ടമാണ് കൈത്തറി മേഖലയ്ക്ക് ഉണ്ടായത്. 50 തറികള്‍ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായി. ബാക്കിയുള്ളവയുടെ അറ്റകുറ്റ പണികള്‍ നടന്നുവരികയാണ്.
പതിനേഴ് തറികള്‍ക്ക് സര്‍ക്കാരിന്റെ പദ്ധതികളിലൂടെ പുതുജീവന്‍ നല്‍കും. രാധാ ഇലക്ട്രോണിക്‌സ് (10), കളമശേരി രാജഗിരി സ്‌കൂള്‍ ആന്റ് പിടിഎ (28), റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ (21), ചേംബര്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി (3), മൈക്രോലാന്‍ഡ് ബാംഗ്ലൂര്‍ (24), ഗതി (16), ഇന്‍ഡസ്ഡ (11), സേവ് ദ ലൂമും മറ്റ് സംഘടനകളും (40), ബജാജ് ഇലക്ട്രിക്കല്‍സ് (71), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ്, കേരള ചാപ്റ്റര്‍ (എന്‍.ഐ.പി.എം 19), പറവൂര്‍ റോട്ടറി ക്ലബ് എന്നിങ്ങനെയാണ് എന്‍ജിഒകള്‍ തറികളെ ഏറ്റെടുത്തിരിക്കുന്നത്. തറികളുടെ കേടുപാടുകള്‍  പരിഹരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും കൈത്തറി സംഘങ്ങളുടെ പ്രവര്‍ത്തനം നവീകരിക്കുന്നതിനായി മറ്റു വിധത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നത് പരിഗണിക്കണമെന്നും കൈത്തറിയുടെ പുനരുദ്ധാരണത്തിനായി ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. സംഘങ്ങളില്‍ ചെയ്യേണ്ട ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍മിതി കേന്ദ്രത്തെയും തറിയുടെ ജോലികള്‍ കാഡ്‌ക്കോ മുഖേനയും നടത്താവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തറികളുടെ അറ്റകുറ്റപ്പണികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുളള മുതല്‍ മുടക്കിന്റെ ചുമതല കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഏറ്റെടുത്തിരിക്കുകയാണ്.
ആയുസ്സിന്റെ അധ്വാനം കൊണ്ട് ഉണ്ടാക്കിയതെല്ലാം പ്രളയം കയ്യടക്കിയപ്പോഴും അതില്‍ പതറാതെ പുതിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലാണ് ചേന്ദമംഗലത്തുകാര്‍.