കേരളം നാളിതുവരെ കൈവരിച്ച നേട്ടങ്ങളും സംസ്‌കാരവും ആഗോളവേദിയിലെത്തിക്കുന്നതിന് സംസ്ഥാനസർക്കാർ ആവിഷ്‌കരിച്ച കേരളീയം മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിദേശവിദ്യാർഥി സംഗമം കനകക്കുന്ന് കൊട്ടാരത്തെ ആഗോളകലയുടെ മഹാസംഗമ വേദിയാക്കി മാറ്റി.41 രാജ്യങ്ങളിൽ നിന്നുള്ള 162 വിദ്യാർഥികൾ പങ്കെടുത്ത പ്രൗഢമായ സംഗമത്തിൽ വിദേശ വിദ്യാർഥികൾ അവതരിപ്പിച്ച തനത് കലാപ്രകടനങ്ങൾ സദസ്സിന് അപൂർവ അനുഭവമായി. വിയ്റ്റ്‌നാം മുതൽ സാംബിയ വരെയുള്ള രാജ്യങ്ങളിലെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളാണ് വേദിയിൽ അരങ്ങേറിയത്.

കനകക്കുന്ന് കൊട്ടാരത്തിൽ വ്യാഴാഴ്ച വൈകിട്ട് 5 ന് സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള വിദേശ വിദ്യാർഥി സംഗമത്തിൽ കേരള സർവകലാശാലയിൽ വിവിധ കോഴ്‌സുകൾ പഠിക്കുന്ന 41 രാജ്യങ്ങളിൽ നിന്നുള്ള  വിദ്യാർഥികളാണ് സംബന്ധിച്ചത്. പരമ്പരാഗത വേഷമായ സെഷോഷു അണിഞ്ഞെത്തിയ ദക്ഷിണ ആഫ്രിക്കൻ രാജ്യമായ ലെസോത്തോയിലെ വിദ്യാർഥികൾ മുതൽ പഷ്തൂൺ വേഷം ധരിച്ച അഫ്ഗാനികൾ വരെ പരിപാടിയെ വർണാഭമാക്കി.

യെമനി സ്വദേശി ഹുസൈൻ ഒമർ അലി ഹുസൈൻ അജീദ്, കൊളംബിയക്കാരി അന ലിലിയാന എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദ്യാർഥി സംഘം പുഷ്പങ്ങൾ നൽകിയാണ് സംഗമത്തിനെത്തിയ മുഖ്യമന്ത്രിയെ  സ്വീകരിച്ചത്. കനകക്കുന്നിലെ മൈതാനത്ത് ഫോട്ടോസെഷനുള്ള സൗകര്യവും സെൽഫി പോയൻറും ലഘുഭക്ഷണത്തിന് തനി നാടൻതട്ടുകടയുമൊക്കെ വിദേശ വിദ്യാർഥികൾക്കായി കേരളീയം സംഘാടകർ ഒരുക്കിയിരുന്നു.

ഉദ്ഘാടന ചടങ്ങുകൾക്കും  ശേഷം നടന്ന വിദേശ വിദ്യാർഥികളുടെ കലാവിരുന്നിന് അഫ്ഗാനിസ്ഥാൻ സ്വദേശിയായ മുസ്തഫ സലീമിയും യെമനി വിദ്യാർഥിനിയായ ഷെയ്മ സാലെയും അവതാരകരായി. സാംബിയ സ്വദേശിയായ മൊആമി മിലിമോയുടെ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ആഫ്രിക്കൻ സംഗീതത്തിന്റെ കരുത്തും സൗന്ദര്യവും വ്യക്തമാക്കുന്ന ഗാനത്തെ വലിയ ആരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

തുടർന്ന് തജികിസ്താനി വിദ്യാർഥി ഫിർദൗസ് മൗല്യനോവിന്റെ നേതൃത്വത്തിൽ താജിക്കിസ്ഥാനെക്കുറിച്ചുള്ള അവതരണം അരങ്ങേറി. വിയറ്റ്‌നാം ഗായകൻ ഫാക്വിൻ ആനിന്റെ ഗാനത്തിനൊത്ത് മനോഹരമായി ചുവടുവെച്ചെത്തിയ വിയറ്റ്‌നാമീ വിദ്യാർഥിനി ട്രാങ്ങും നോയയും ആ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതി.
ദക്ഷിണ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയുടെ ഗ്രാമീണ കലാപൈതൃകം വ്യക്തമാക്കുന്ന നൃത്തവുമായാണ് ജൊഹാൻസ് മൊലാത്വയും സംഘവും തുടർന്നെത്തിയത്.രാജ്യത്തിൻറെ പതാക കയ്യിലേന്തി വേദിയിലെത്തിയ ഏഴംഗ സംഘം അവതരിപ്പിച്ച നൃത്തം ആഫ്രിക്കൻ നൃത്തത്തിന്റെ ലാളിത്യവും ചടുതലതയും വ്യക്തമാക്കുന്നതായിരുന്നു. ഇറാഖിന്റെ സമ്പന്നമായ ചരിത്രപൈതൃകം വ്യക്തമാക്കുന്ന വീഡിയോയുമായി പരമ്പരാഗത വേഷത്തിലാണ് ഇറാഖി വിദ്യാർഥി അലി സാദി അൽബേറെത്തിയത്.
അഫ്ഗാനിസ്ഥാൻ സ്വദേശി ഫസീനിന്റെ അവതരണം, യെമനി വിദ്യാർഥി നവാർ അബ്ദുൽ ഖൈർ സെയ്ഫ് അൽ ഷമേരിയുടെ വീഡിയോ പ്രദർശനവും എന്നിവയും നടന്നു.