കരട് പട്ടിക നാളെ പ്രസിദ്ധീകരിക്കും
പാലക്കാട് ജില്ലാ പഞ്ചായത്തിലെ വാണിയംകുളം വാർഡും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും ഉൾപ്പെടെ 35 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നു. കരട് വോട്ടർ പട്ടിക ഒക്ടോബർ 20 നും അന്തിമപട്ടിക നവംബർ 14 നും പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. പട്ടികയിൽ പേര് ചേർക്കുന്നതിന് നാളെ മുതൽ നവംബർ 4 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
2023 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കുന്നതിന് അർഹതയുള്ളത്. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈൻ അപേക്ഷകൾ നൽകാം. കമ്മീഷന്റെ www.sec.keralagov.in വെബ്സൈറ്റിലാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. പേര് ഒഴിവാക്കുന്നതിന് ഫോം 5 ലെ ആക്ഷേപം ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ടേഷൻ ഓഫീസർക്ക് സമർപ്പിക്കണം.
2023 ൽ സംക്ഷിപ്തമായി പുതുക്കിയ വോട്ടർ പട്ടികയാണ് കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് പട്ടിക അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലുക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബന്ധപ്പെട്ട ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.sec.kerala.gov.in സൈറ്റിലും ലഭ്യമാണ്.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾക്ക് അവയിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയിൽ അതാത് വാർഡിലെയും വോട്ടർ പട്ടികയാണ് പുതുക്കുന്നത്.
അപേക്ഷയോ ആക്ഷേപമോ സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ടേഷൻ ഓഫീസർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പിൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസമാണ് അപ്പീൽ കാലയളവ്.
ഉപതിരഞ്ഞെടുപ്പ് നടത്തുന്ന തദ്ദേശ വാർഡുകൾ, ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പരും പേരും ക്രമത്തിൽ: തിരുവനന്തപുരം – അരുവിക്കര ഗ്രാമപഞ്ചായത്തിലെ 9 – മണമ്പൂർ, കൊല്ലം – തഴവ ഗ്രാമപഞ്ചായത്തിലെ 18 – കടത്തൂർ കിഴക്ക്, പോരുവഴി ഗ്രാമപഞ്ചായത്തിലെ 15 -മയ്യത്തുംകര, ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ 20 – വിലങ്ങറ, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ 08 –വായനശാല. പത്തനംതിട്ട – മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12 – കാഞ്ഞിരവേലി, റാന്നി ഗ്രാമപഞ്ചായത്തിലെ 07 – പൂതുശ്ശേരിമല കിഴക്ക്. ആലപ്പുഴ – കായംകുളം നഗരസഭയിലെ 32 -ഫാക്ടറി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 01 – തിരുവൻവണ്ടൂർ. കോട്ടയം – ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 – കുറ്റിമരം പറമ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01 – ആനക്കല്ല്, 04 – കൂട്ടിക്കൽ, വെളിയന്തൂർ ഗ്രാമപഞ്ചായത്തിലെ 10 – അരീക്കര, തലനാട് ഗ്രാമപഞ്ചായത്തിലെ 04 – മേലടുക്കം. ഇടുക്കി – മൂന്നാർ ഗ്രാമപഞ്ചായത്തിലെ 1 – മൂലക്കട, 18 – നടയാർ, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ 10 – മാവടി, കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ 07 – നെടിയകാട്. എറണാകുളം – വടവുകോട്പുത്തൻ കുരിശ് ഗ്രാമപഞ്ചായത്തിലെ 10 – വരിക്കോലി, രാമമംഗലം ഗ്രാമപഞ്ചായത്തിലെ 13 –കോരങ്കടവ്. തൃശ്ശൂർ – മാള ഗ്രാമപഞ്ചായത്തിലെ 14 – കാവനാട്. പാലക്കാട് – പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24 – വാണിയംകുളം, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 07 – പാലാട്ട് റോഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06 – കണ്ണോട്, പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ 14 – തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 11 – പള്ളിപ്പാടം, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ 06 അഞ്ചുമൂർത്തി. മലപ്പുറം – ഒഴൂർ ഗ്രാമപഞ്ചായത്തിലെ 16 – ഒഴൂർ. കോഴിക്കോട് – വാണിമേൽ ഗ്രാമപഞ്ചായത്തിലെ 14 – കോടിയൂറ, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ 16 – ചല്ലി വയൽ, മടവൂർ ഗ്രാമപഞ്ചായത്തിലെ 05 – പുല്ലാളൂർ, മാവ്യർ ഗ്രാമപഞ്ചായത്തിലെ 13 – പാറമ്മൽ. വയനാട് – മുട്ടിൽ ഗ്രാമപഞ്ചായത്തിലെ 03 – പരിയാരം. കണ്ണൂർ – പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10 – ചൊക്ലി. കാസർഗോഡ് – പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 22 – കോട്ടക്കുന്ന്.