കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്ന പുതിയൊരു മാതൃക- മന്ത്രി കെ എൻ ബാലഗോപാൽ
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരെല്ലാം ജന സമക്ഷത്തേക്കെത്തുന്ന നവകേരള സദസ്സ് പുതിയൊരു ലോക മാതൃകയായി മാറുമെന്ന് പലകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ കൊല്ലം നിയോജക മണ്ഡലതല നവകേരളം സദസിന്റെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക. ഇനി ആവശ്യമുള്ളതൊക്കെ കണ്ടെത്തി പരിഹാരം കാണുക. കൂടുതൽ വേഗത്തിലുള്ള ഭരണനിർവഹണം അനുഭവമാക്കുക തുടങ്ങിയവയാണ് സദസ്സിന്റെ മുഖ്യ ലക്ഷ്യങ്ങൾ. കേരളത്തെ ലോക സമക്ഷം എത്തിക്കുന്ന കേരളീയം പരിപാടിയും നവംബറിൽ നടത്തുകയാണ്.
വിവിധ മേഖലകളിൽ വളർച്ചയുടെ പുതു ചരിത്രം കേരളം തീർക്കുന്നു. രാജ്യത്ത് ഏറ്റവും അധികം ഫൈവ് സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും ഉള്ളത് കേരളത്തിലാണ്. വിനോദ സഞ്ചാര മേഖലയുടെ കുതിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇത്തരം നന്മകൾ പൊതുസമൂഹം തിരിച്ചറിയേണ്ടതുമുണ്ട്. ആവലാതികളും പരിഭവങ്ങളും തിരികെ സർക്കാരിനെ അറിയിക്കുകയും വേണം. ഇതിനുള്ള മികച്ച അവസരമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനകീയ സദസ്സ് യാഥാർത്ഥ്യമാക്കുക. സംസ്ഥാനത്ത് മേഖല യോഗങ്ങൾ നടത്തി അത്യാവശ്യ കാര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി കഴിഞ്ഞു.
അതിന്റെ തുടർച്ചയും നവകേരള നിർമിതിയുടെ പ്രായോഗിക വഴികളുമാണ് ഇനി ചർച്ച ചെയ്യപ്പെടാൻ പോകുന്നത്. ബഹുജന പങ്കാളിത്തം പരമാവധി ഉറപ്പാക്കേണ്ടതുണ്ട്. അതിനുതകുന്ന സംഘാടകസമിതിയാണ് രൂപീകരിക്കുന്നത്. സമൂഹത്തിന്റെ പരിച്ഛേദവും ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഉറപ്പാക്കി ജനക്ഷേമ പ്രവർത്തനങ്ങളിലെ നാഴികക്കല്ലാക്കി മാറ്റുംനവകേരള സദസ്സ് എന്നും മന്ത്രി പറഞ്ഞു.
എം മുകേഷ് എംഎൽഎ അധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടർ എൻ ദേവീദാസ്, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എം മുകേഷ് എംഎൽഎ ചെയർമാനും സബ് കളക്ടർ കൺവീനറുമായി ജനറൽ കമ്മിറ്റിക്ക് രൂപം നൽകി. കോർപ്പറേഷനിലെ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷനും ഇതര ജനപ്രതിനിധികളും നേതൃത്വം നൽകുന്ന മേഖല കമ്മിറ്റികളും രൂപീകരിച്ചു.