തദ്ദേശ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല കലാകായിക മത്സരങ്ങള്‍ നവംബര്‍ 11 മുതല്‍ തുടങ്ങും. കേരളോത്സവം ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാക സമിതി രൂപീകരണ യോഗത്തില്‍ തീരുമാനിച്ചു. കലാകായിക മത്സരങ്ങളിലും സംഘാടനത്തിലും യുവാക്കളുടെ പിന്തുണയുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. പഞ്ചായത്ത്തല മത്സരങ്ങളില്‍ യോഗ്യത നേടിയവര്‍ക്ക് ബ്ലോക്ക്തലത്തിലും ബ്ലോക്ക് തലത്തില്‍ യോഗ്യത നേടിയവര്‍ക്ക് ജില്ലാതല മത്സരത്തിലും പങ്കെടുക്കാം. നവംബര്‍ 11 മുതല്‍ 19 വരെയാണ് ജില്ലാതല മത്സരങ്ങള്‍ അരങ്ങേറുക. വിവിധ സ്ഥലങ്ങളിലും വേദികളിലുമായാണ് കേരളോത്സവം നടക്കുക.

കലോത്സവങ്ങള്‍ നവംബര്‍ 11, 12 തീയ്യതികളില്‍ വാരാമ്പറ്റ ഗവ. ഹൈസ്‌കുളിലും. കായിക മത്സരങ്ങള്‍ നവംബര്‍ 13 ന് കേണിച്ചിറ യുവ പ്രതിഭ സ്റ്റേഡിയത്തില്‍ കബഡി, 14 ന് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബാസ്‌കറ്റ് ബോള്‍, 15 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ. സ്‌കൂളില്‍ ക്രിക്കറ്റ്, 16 ന് വെള്ളാരംകുന്ന് സ്മാഷ് സ്വിമ്മിംഗ് പൂളില്‍ നീന്തല്‍, ചെന്നലോട് ഇന്റോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍, 17ന് പുല്‍പ്പള്ളിയില്‍ അമ്പെയ്ത്, കളരി എന്നിവയും മൂലങ്കാവില്‍ വോളിബോളും 18ന് ചെസ്, പഞ്ചഗുസ്തി, വടംവലി, അത്ലറ്റിക്സ് എന്നിവ മരവയല്‍ ജില്ലാ സ്റ്റേഡിയത്തിലും നടക്കും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ബഷീര്‍ദ ഉഷതമ്പി, യുവജനക്ഷേമ ബോര്‍ഡ് അംഗം ഷെബീര്‍ അലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.