കായിക മാമാങ്കം കൊടിയിറങ്ങി

കായിക രംഗത്തെ പ്രാദേശിക തലത്തിൽ നിന്നും ഉയർത്തി ദേശീയ തലത്തെത്തിക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്ന് പട്ടികവർഗ്ഗ പിന്നോക്ക വികസന ദേവസ്വം പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുന്നംകുളത്ത് നടന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിന്റേത്. താഴെ തട്ട് മുതൽ സർക്കാർ അതിനുള്ള പ്രോത്സാഹനം നൽകി വരുന്നുണ്ട്. കായിക മേഖലയിൽ ഏഴ് വർഷം കൊണ്ട് 700 പേർക്ക് ജോലി നൽകാൻ സർക്കാരിന് കഴിഞ്ഞു. പഠനത്തിലും കായിക രംഗത്തും കുട്ടികളെ മികച്ച രീതിയിൽ വളർത്തിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

65-ാമത് കായികോത്സവത്തിന്റെ സംഘാടനം ചരിത്രത്തിലിടംപിടക്കുന്ന വിധം മികവുറ്റതായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിജയികൾക്കുള്ള സമ്മാനദാനവും സുവനീർ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.

ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ വി ആർ സുനിൽകുമാർ, സനീഷ് കുമാർ ജോസഫ്, പി മമ്മിക്കുട്ടി തുടങ്ങിയവർ മുഖ്യാത്ഥികളായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, സ്പോട്സ് ഓർഗനൈസർ എൽ ഹരീഷ് ശങ്കർ, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ, പഞ്ചായത്ത് പ്രസിഡന്റ്മാർ, കുന്നംകുളം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കായിക വകുപ്പ് ഉദ്യോഗസ്ഥർ, കായിക താരങ്ങൾ, ജനപ്രതിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ സ്വാഗതവും പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ എം കെ ഷൈൻ മോൻ നന്ദിയും പറഞ്ഞു.