സർക്കാർ ആശുപത്രി വഴി നൽകുന്ന സേവനങ്ങൾ സുക്ഷ്മമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും പ്രശ്‌നങ്ങളും വിലയിരുത്താൻ നടത്തിയ സന്ദർശനത്തിനിടെ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ആർദ്രം പദ്ധതി വഴി ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന സേവനങ്ങൾ പരിശോധിച്ച് വിലയിരുത്തും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഒരുക്കിയ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിച്ച് നടപടിയെടുക്കും.

ഫയർ എൻ.ഒ.സി ലഭിക്കാത്തത് കൊണ്ടാണ് പീഡിയാട്രിക് ഐ.സി.യു, ഓപ്പറേഷൻ തീയേറ്റർ  പോലുള്ള സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തത്. ഇങ്ങനെയുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രവർത്തനസജ്ജമാക്കുവാനുള്ള നടപടികൾ കൈക്കൊള്ളും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കും. ജോലിക്രമീകരണം വഴിയാണ് ഫോറൻസിക് സർജനെ നിയമിക്കുന്നത്. ഓരോ ആശുപത്രിയിലെയും ചെറുതും വലുതുമായ പ്രശ്‌നങ്ങൾ നേരിട്ട് കണ്ട് മനസിലാക്കി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഓരോ ജില്ലയിലെ ആശുപത്രിയുടെ മൊത്തത്തിലുള്ള പ്രശ്‌നങ്ങൾ മനസ്സിലാക്കി റിപ്പോർട്ട് എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ജില്ലാ കളക്ടർമാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് നടപടികളെടുക്കും. ഇത് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടപ്പിലാക്കും. ഡയാലിസ് സൗകര്യമില്ലാത്ത ആശുപത്രിയിൽ അതിനുള്ള സജ്ജീകരിക്കാനുള്ള നടപടികൾ സ്വീകരിക്കും.