പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ബാധിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം. ചിറ്റാര്‍, സീതത്തോട് പ്രദേശങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്ന സംഘം ലഭ്യമായ വിവരങ്ങളെ അപഗ്രഥിച്ച് സമഗ്ര പഠനം നടത്തും. തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍നടപടികള്‍ എടുക്കുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ്റ് ഹിജാസ് കെ. ബഷീര്‍ അറിയിച്ചു. ജിയോളജിസ്റ്റായ സൗവിക് ആചാര്യ, ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജിയിലെ സീനിയര്‍ ജിയോളജിസ്റ്റ് രാമന്‍ നമ്പൂതിരി, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഇ. വാസില്‍, ഹൈഡ്രോ ജിയോളജിസ്്റ്റ് ബിന്ദു ഗോപിനാഥ്, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ജിജി തമ്പി എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി. നൂഹുമായി സംഘം കൂടിക്കാഴ്ച നടത്തി.