ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും : മന്ത്രി കെ എൻ ബാലഗോപാൽ

ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രമാക്കി മാറ്റുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരമ്പര്യമായി ഏറെ പ്രാധാന്യമർഹിക്കുന്ന നാടാണ് കൊല്ലം. ജില്ലയിലെ സാംസ്കാരിക പ്രൗഢി വിളിച്ചോതുന്ന സാംസ്കാരിക നിലയം പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി വിപുലീകരിക്കും. അഷ്ടമുടിക്കായൽ ടുറിസം, ആശ്രാമം മൈതാന വാണിജ്യ വിനോദപ്രദർശനങ്ങൾ എന്നിവയുടെ സാധ്യതകൾ സമുച്ചയത്തിന് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

ചിത്രകാരന്മാരായ സുധീർ പട്വർധൻ , മനു പരേഖ്, ആർ ബി ഭാസ്ക്കർ, ബോസ് കൃഷ്ണമാചാരി , എം വി ദേവൻ, സി എൻ കരുണാകരൻ , പുണിഞ്ചിത്തായ, കാട്ടൂർ നാരായണ പിള്ള , ഭാഗ്യനാഥ് സി , രാജൻ കൃഷ്ണൻ എന്നിവരുൾപ്പടെ 116 ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം തുടങ്ങി. ബസ്തറിലെ ആദിവാസി കലാ കാരന്മാരുടെ ശില്പങ്ങളും പ്രദർശനത്തിലുണ്ട്. ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ പ്രൈതൃക ഗ്രാമ എക്സിബിഷനിൽ പെരുവെമ്പ് കൈത്തറി, ആറന്മുള കണ്ണാടി, ഓണവില്ല്, ദാരുശില്പങ്ങൾ, വെങ്കല ശില്പങ്ങൾ, കളിമൺ ശിപ്പങ്ങൾ , തഴ ഉത്പന്നങ്ങൾ, വൈയ്ക്കോൽ, മ്യുറൽ ചിത്രങ്ങൾ എന്നിവ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിട്ടുണ്ട്.

സമുച്ചയത്തിലെ ജോൺ എബ്രഹാം തീയറ്ററിൽ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന യുദ്ധവിരുദ്ധ ചലച്ചിത്രോത്സവത്തിൽ മാർട്ടിൻ സാൻഡ് വിയറ്റ് സംവിധാനം ചെയ്ത ലാൻഡ് ഓഫ് മൈൻ പ്രദർശിപ്പിച്ചു. ലൈബറി കൗൺസിലിന്റെ നേതൃത്വത്തിൽ അന്തരിച്ച നിർമാതാവ് കെ രവീന്ദ്രനാഥൻ നായർക്ക് ആദരമായി രവി – കലയും ജീവിതവും എന്ന ഡോക്യുമെന്ററി സ്ക്രീനിംഗ് നടത്തി. യുദ്ധം വിഷയമാക്കിയ കുട്ടികളുടെ ചിത്രരചനാ മത്സരവും ശ്രദ്ധേയമായി.

സമുച്ചയത്തിൽ ശിശുക്ഷേമ സമിതി നടത്തിയ വിദ്യാരംഭം ചടങ്ങിൽ കവി മുരുകൻ കാട്ടാക്കട, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല, സാങ്കേതിക സർവകലാശാല മുൻ പ്രോ വി സി ഡോ എസ് അയൂബ് എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു. ഉദ്ഘാടന ചടങ്ങിൽ എം മുകേഷ് എം എൽ എ അധ്യക്ഷനായി. സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ മായ, അഡീഷണൽ സെക്രട്ടറി ജനാർദ്ദനൻ, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സത്യൻ, ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളി, വാസ്തുവിദ്യ ഗുരുകുലം ഡയറക്ടർ വി എസ് പ്രിയദർശൻ തുടങ്ങിയവർ പങ്കെടുത്തു.ഒക്ടോബർ 26ന് സാംസ്കാരികോത്സവം സമാപിക്കും.