മ്യൂസിയങ്ങളുടെ സംരക്ഷണത്തിനും പരിപാലത്തിനും സര്‍ക്കാര്‍ ആശുപത്രികളിലെ എച്ച്.എം.സി മാതൃകയില്‍ മ്യൂസിയം മാനേജ്‌മെന്റ് കമ്മറ്റികള്‍ രൂപീകരിക്കുമെന്ന് തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ഇത്തരത്തിലുള്ള സാമൂഹിക നിരീക്ഷണ സംവിധാനം ആദ്യമായി മലപ്പുറം ജില്ലാ പൈതൃക മ്യൂസിയത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ഈ സംവിധാനത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ പൈതൃകമ്യൂസിയം തിരൂരങ്ങാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനിച്ച മണ്ണില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി കമ്പനിപ്പട്ടാളത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മഹത് വ്യക്തികളുടെ ഓര്‍മ്മകള്‍ നിലിനില്‍ക്കുന്ന ഇടമാണ് ജില്ലാ മ്യൂസിയമാക്കി വികസിപ്പിച്ച തിരൂരങ്ങാടി ഹജൂര്‍കച്ചേരി. ഹജൂര്‍ കച്ചേരിയും സബ് രജിസ്ട്രാര്‍ ഓഫീസും സംരക്ഷിക്കപ്പെടുമ്പോള്‍ ആ ഓര്‍മ്മകളും ചരിത്രവുമാണ് സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പൈതൃക മ്യൂസിയത്തോട് ചേര്‍ന്ന് സ്ഥിരം സ്റ്റേജോടുകൂടി കള്‍ച്ചറല്‍ സ്‌ക്വയര്‍ നിര്‍മിക്കുമെന്നും നവംബര്‍ മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മാനവികമൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച പോരാളികളാണ് മലപ്പുറത്തുകാരെന്ന് പൈതൃകമ്യൂസിയത്തിലെ കാഴ്ചകളില്‍ നിന്ന് വ്യക്തമാകുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരങ്ങളിലെ വേറിട്ട പോരാട്ട ചരിത്രമാണ് മലപ്പുറത്തിന്റേത്. ഈ ചരിത്രത്തെ വക്രീകരിക്കാന്‍ എക്കാലവും ശ്രമമുണ്ടായിട്ടുണ്ട്. അതിനെതിരായ ചെറുത്തുനില്‍പ്പ് അിവാര്യമാണ്. മലബാര്‍ സമരം കൊളോനിയല്‍ വിരുദ്ധസമരമാണെന്നും അതില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും തീരുമാനിച്ചത് ഇ.എം.എസ് ആണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
 ജന്‍മിത്തത്തിനെതിരായ ദേശാഭിമാനികളായ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ സ്മാരകശിലയാണ് പൈതൃകമ്യൂസിയമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്തം തുടിക്കുന്ന സ്മരണകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ അഹമ്മദ് കുട്ടി കക്കടവത്ത്, പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, കേരളം മ്യൂസിയം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചരിത്രപരവും നിര്‍മ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂര്‍ കച്ചേരി മന്ദിരവും സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടവും പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. മലപ്പുറത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയായാണ് 12 ഗ്യാലറികളിലായി ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. മലപ്പുറത്തിന്റെ ചരിത്രത്തിലേക്കും, ഭൂമിശാസ്ത്രപരമായ സവിശേഷതകളിലേക്കും, സാംസ്‌കാരികവൈവിധ്യത്തിലേക്കും വെളിച്ചം പകരുന്ന പ്രദര്‍ശനവസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രദര്‍ശന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.