മണ്ഡലതല സംഘാടക സമിതി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളില്‍ നേരിട്ടെത്തി സംവദിക്കുന്ന നവകേരള സദസില്‍ ജില്ലയിലെ 14 മണ്ഡലങ്ങളിലും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി.പി രാജീവ്. നവകേരള സദസിന്റെ ജില്ലയിലെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി മണ്ഡലതല സംഘാടക സമിതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പങ്കാളിത്തത്തോടെ പരിപാടി വിജയകരമാക്കുന്നതിന് പ്രാദേശിക തലത്തില്‍ പ്രചാരണം ശക്തിപ്പെടുത്തണം. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതോടൊപ്പം സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഓരോ മണ്ഡലങ്ങളിലെയും പ്രധാന വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമുദായിക സംഘടനകള്‍, വായനശാലകള്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, യുവജന സംഘടനകള്‍ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
പ്രാദേശിക തലത്തില്‍ പ്രചാരണം ശക്തിപ്പെടുത്തുന്നതിന് എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തി സദസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് നല്‍കും. വീട്ടുമുറ്റ സദസുകള്‍ സംഘടിപ്പിക്കും. സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകരക്ഷകര്‍തൃ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം. പരിപാടിയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിന് വാഹനങ്ങള്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും. ഇതിനായി നടപടികള്‍ സ്വീകരിക്കും. കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന, സഹകരണ സംഘങ്ങള്‍ എന്നിവരുടെ യോഗം ചേരണം.
ജനപ്രതിനിധികള്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ അംഗങ്ങള്‍, കലാകായിക മികവ് തെളിയിച്ച പ്രതിഭകള്‍, പഠനത്തില്‍ പ്രഗല്‍ഭരായ വിദ്യാര്‍ത്ഥികള്‍ എന്നിവരെയും സദസില്‍ പങ്കാളികളാക്കണം. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം ശക്തിപ്പെടുത്തുന്നതിനായി വീഡിയോകളും പോസ്റ്റുകളും പരമാവധി ഗ്രൂപ്പുകളിലും പേജുകളിലും ഷെയര്‍ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കണം. ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പരിപാടി നടത്തുക. പരമാവധി ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന രീതിയില്‍ മികച്ച സജ്ജീകരണങ്ങളോടെ ഓരോ മണ്ഡലത്തിലും നവ കേരള സദസിനായി വേദിയൊരുങ്ങണമെന്നും മന്ത്രി പറഞ്ഞു.
ഡിസംബര്‍ 7 മുതല്‍ 10 വരെയാണ് ജില്ലയില്‍ നവകേരള സദസ് നടത്തുന്നത്. 4 ദിവസങ്ങളിലായി ജില്ലയിലെ 14 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കും. പരിപാടിയുടെ മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലും സംഘാടകസമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനതല സംഘാടകസമിതി രൂപീകരണം പുരോഗമിക്കുകയാണ്.
യോഗത്തില്‍ എം.എല്‍.എമാരായ ആന്റണി ജോണ്‍, കെ. എന്‍ ഉണ്ണികൃഷ്ണന്‍, പി.വി ശ്രീനിജിന്‍, മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, നവ കേരള സദസ് മണ്ഡലതല സംഘാടകസമിതി ചെയര്‍മാന്‍മാരായ ജോസ് തെറ്റയില്‍, സാജു പോള്‍, സി.എം.ദിദേശ് മണി, വി.സലിം, എം.ജെ ജേക്കബ്, എല്‍ദോ എബ്രഹാം, ജോണ്‍ ഫെര്‍ണാണ്ടസ്, കണ്‍വീനര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.