ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിക്കുന്ന പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് ആവശ്യമായ ധനസഹായം പദ്ധതി മുഖേന ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ സാക്ഷരതാ മിഷന്‍ ചെയര്‍മാനുമായ സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരാതാ മിഷന്റെ വിവിധ പദ്ധതികള്‍ യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സാക്ഷരതാ മിഷന്‍ മഹിള സമഖ്യ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തുന്ന മുന്നേറ്റം സ്ത്രീ ശാക്തീകരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത ആദിവാസി വിഭാഗം പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ ഫോറം മഹിള സമഖ്യ കോര്‍ഡിനേറ്റര്‍ വി.ഡി.അംബികയില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ചു. സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം വാര്‍ത്താ പത്രികയുടെ ജില്ലാതല പ്രകാശനം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എ ആതിരക്ക് നല്‍കി വൈസ് പ്രസിഡന്റ് എസ്.ബിന്ദു നിര്‍വ്വഹിച്ചു.
തുല്യതാ പഠിതാക്കള്‍ക്കായി ത്രിദിന ജൈവ വൈവിധ്യ പഠന ക്യാമ്പ്, തുടര്‍ വിദ്യാഭ്യാസ സെമിനാര്‍, നുല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ പൗരബോധന ക്യാമ്പ്, ബ്രെയില്‍ സാക്ഷരതാ പദ്ധതി, പനമരം ഗ്രാമ പഞ്ചായത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചങ്ങാതി സാക്ഷരതാ പദ്ധതി, ആദിവാസി നാലാം തരം തുല്യത പദ്ധതി എന്നിവ നടപ്പാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍മാരായ സീത വിജയന്‍, ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, വ്യവസായ കേന്ദ്രം മാനേജര്‍ ജി. വിനോദ്, ഡി.ഡി.ഇ ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് അഷ്‌റഫ്, പി.വി.ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.