യുവാക്കളിലേക്ക് ക്ഷീരമേഖലയുടെ സാധ്യതകൾ കൈമാറ്റം ചെയ്യണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ക്ഷീരവികസന വകുപ്പിന്റെയും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീര കർഷക മേഖലയുടെ ആധുനികവൽക്കരിക്കപ്പെട്ട രീതികൾ പരിശീലിപ്പിക്കുവാനും വൈവിധ്യ വൽക്കരണത്തിലൂടെ മുന്നോട്ടുപോകാനും സാധിക്കണം. ഇതിലൂടെ കന്നുകാലി വളർത്തൽ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ നമുക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷീര മേഖലയിലെ കർഷകർക്ക് ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതിനും പെൻഷൻ നൽകുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ബ്ലോക്ക് നല്ല രീതിയിൽ നടത്തുന്നുണ്ട്. തീറ്റപ്പുൽ കൃഷി, അസോള കൃഷി തുടങ്ങിയവ പ്രോത്സാഹിപ്പിച്ച് കന്നുകാലികൾക്ക് ആവശ്യമായ പോഷക സമൃദ്ധമായ ആഹാരം ഉറപ്പുവരുത്താൻ ശ്രമിക്കണം. പാലുമായി ബന്ധപ്പെട്ട മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സംവിധാനം വ്യവസായ വകുപ്പിന് കീഴിൽ ഉണ്ടെന്നും അത് വേണ്ട രീതിയിൽ ഉപയോഗിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
ക്ഷീര സംഗമത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകരെ ആദരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ഷീരകർഷക സെമിനാറും നടത്തി. ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസർ പി എം രാധിക ഹൈഡ്രോപോണിക്സ് ആന്റ് സൈലേജ് നിർമ്മാണം എന്ന വിഷയത്തിലും വെള്ളാങ്കല്ലൂർ വ്യവസായ വികസന ഓഫീസർ കവിത വേലായുധൻ സ്വയംതൊഴിൽ സംരംഭങ്ങൾ, പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിലും സെമിനാർ അവതരിപ്പിച്ചു.
പട്ടേപ്പാടം എസ് എൻ ഡി പി ഹാളിൽ നടന്ന ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ വീണ, സീനിയർ ക്ഷീരവികസന ഓഫീസർ സെറിൻ പി ജോർജ്, വെള്ളാങ്ങല്ലൂർ ഡയറി ഫാം ഇൻസ്ട്രക്ടർ മേരി ജാസ്മിൻ, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് മെമ്പർമാർ, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.