മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പൊതുജനവുമായി നേരിട്ട് ആശയവിനിമയം നടത്തി ഭരണ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നവകേരള സദസ്സുകൾ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമാകും എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര മിനി സിവിൽസ്റ്റേഷനിൽ നിയോജകമണ്ഡലതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ, ഇതര പ്രവർത്തനങ്ങൾ തുടങ്ങിയവ ജനമധ്യത്തിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന്.
ഇതോടൊപ്പം ഇനി നടപ്പാക്കേണ്ട ജനക്ഷേമ പ്രവർത്തനങ്ങൾ പ്രാധാന്യമനുസരിച്ച് മുൻഗണന നൽകുന്നതിനും സദസ്സ് പ്രയോജനം ചെയ്യും. ബൂത്ത്തലംമുതൽ താഴെതട്ടിലേക്ക് പരിപാടിയുടെ പ്രാധാന്യം സംബന്ധിച്ച് സന്ദേശങ്ങൾ എത്തണം. സർക്കാർ തല പരിപാടി എന്ന നിലയ്ക്ക് ഉദ്യോഗസ്ഥരുടെ എല്ലാ പിന്തുണയും ഉറപ്പാക്കുകയും വേണം. ത്രിതല പഞ്ചായത്ത് ഭാരവാഹികൾ മുതൽ എല്ലാവരുടെയും പങ്കാളിത്തമാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ ഉണ്ടാവുക.
കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരത്തിന്റെ പരിസരത്താകും 10000 ത്തിലധികം പേരെ ഉൾക്കൊള്ളാവുന്ന വേദി തയ്യാറാവുക. ഇതിനായി വിവിധ സംഘാടക സമിതികൾ രൂപീകരിച്ചു. ആവശ്യാനുസരണം സമിതികൾ വിപുലീകരിക്കും. അടുത്തമാസം എട്ടു മുതൽ മേഖലാതല യോഗങ്ങൾ ചേരും. സദസ്സ് ചേരുന്ന വേദികളിൽ കലാപരിപാടികൾ കൂടി സംഘടിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.