അർഹിക്കുന്ന വിഹിതം ലഭ്യമാക്കാതെയും കടത്തിന്റെ പരിധി വെട്ടി കുറച്ച് ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനം വലിയ പരിക്കുകൾ ഇല്ലാതെ മുന്നോട്ടു നീങ്ങുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നവകേരള സദസിന്റെ പുനലൂർ നിയോജക മണ്ഡലതല സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുദ്ധിമുട്ടുകൾ എത്ര ഉയർന്നാലും സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നുണ്ട്.
ഇത് തുടരുക തന്നെ ചെയ്യും. കാൽ നൂറ്റാണ്ടിനപ്പുറത്തെ കേരളം കണ്ടുകൊണ്ടാണ് നവ കേരള സൃഷ്ടിക്ക് സർക്കാർ മുൻകൈയെടുക്കുന്നത്. ഇതിന്റെപ്രാധാന്യം ജനസമക്ഷം എത്തിക്കാനും തുടർ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസ്സിലൂടെ ശ്രമിക്കുക. ഉദ്യോഗസ്ഥരുടെ അടക്കം എല്ലാ വിഭാഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് പ്രധാനം. താഴെത്തട്ടിൽ വരെ നീളുന്ന ആശയവിനിമയത്തിലൂടെ പുതിയൊരു കേരളം സൃഷ്ടിക്കാനാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ബി സുജാത, മുൻമന്ത്രി കെ രാജു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.