ഗുണനിലവാരമില്ലാത്ത സിമന്റ് നൽകിയതിനെ തുടർന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. വീട് നിർമ്മാണത്തിന് വാങ്ങിയ സിമന്റ് ഗുണനിലവാരമില്ലാത്തതിനാൽ സൺ ഷെയ്ഡിൽ വിള്ളൽ വീണുവെന്നും സിമന്റ് സെറ്റായില്ലെന്നും ആരോപിച്ച് കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശിയാണ് ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്.

ബാങ്കിൽ നിന്നും വായ്പയെടുത്ത് വീട് നിർമാണത്തിന്റെ ഭാഗമായി 30 ചാക്ക് സിമന്റാണ് പരാതിക്കാരൻ 2018 സെപ്റ്റംബർ 23ന് വാങ്ങിയത്. സിമന്റ് ഉപയോഗിച്ച് സൺ ഷെയ്ഡിന്റെ പ്രവൃത്തി നടത്തിയതിൽ സിമന്റ് സെറ്റാവുന്നില്ലെന്നും വിള്ളൽ വീഴുന്നുവെന്നും കണ്ടു. സിമന്റ് കടയിൽ വിവരം നൽകിയതിനെ തുടർന്ന് സിമന്റിന് അപാകതയുണ്ടെങ്കിൽ കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും റിപ്പോർട്ട് കൊണ്ടുവരാനും അതിന്റെ അടിസ്ഥാനത്തിൽ സിമന്റ് കമ്പനിയിൽ നിന്നും പരിഹാരമുണ്ടാക്കി തരാമെന്നും കടയുടമ അറിയിച്ചു. എൻ.ഐ.ടിയിൽ പരിശോധിച്ച് സിമന്റിന് അപാകതയുണ്ടെന്ന റിപ്പോർട്ട് നൽകിയെങ്കിലും പരാതിക്ക് പരിഹാരമുണ്ടായില്ല. തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ പരാതി സമർപ്പിച്ചത്. കമ്മീഷന്റെ നടപടിയുടെ ഭാഗമായി കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് എൻജിനീയർ സ്ഥലപരിശോധനയും സിമന്റിന്റെ ഗുണനിലവാരവും പരിശോധിച്ച് റിപ്പോർട്ടും നൽകി. 2018 സെപ്റ്റംബർ മാസത്തിൽ വാങ്ങിയ സിമന്റ് 2022 ആഗസ്റ്റ് മാസത്തിൽ കമ്മിഷന്റെ പരിശോധനാവേളയിലും സെറ്റായിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തു. എൻജിനീയർ കമ്മീഷൻ മുമ്പാകെ ഹാജരായി മൊഴിയും നൽകി.

തെളിവുകൾ പരിഗണിച്ച കമ്മിഷൻ നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും പരാതിക്കാരനു നൽകാൻ ഉത്തരവിട്ടു. ജെ.എസ്.ഡബ്ല്യു സിമന്റ് കമ്പനിയാണ് നഷ്ട പരിഹാരം നൽകേണ്ടത്. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാത്തപക്ഷം പരാതി തിയ്യതി മുതൽ 12 ശതമാനം പലിശയും നൽകണം. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ ചേർന്നാണ് വിധിച്ചത്. പരാതിക്കാരനു വേണ്ടി അഡ്വ പി.വി മനാഫ് ഹാജരായി.