മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളില്‍  നേരിട്ടെത്തുന്ന നവകേരള സദസില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും സ്വീകരണം ലളിതമാക്കി ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന പാലക്കാട്, മലമ്പുഴ മണ്ഡലംതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ്. നവകേരള സദസിന്റെ ഉദ്ദേശം. അതിന് അനുയോജ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശച്ചു. പരിപാടിയില്‍ എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കണം. എല്ലാ വീടുകളിലേക്കും മുഖ്യമന്ത്രിയുടെ ക്ഷണകത്ത് എത്തണമെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തില്‍ മലമ്പുഴ മണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍ എ. പ്രഭാകരന്‍ എം.എല്‍.എ, പാലക്കാട് മണ്ഡലം സംഘാടകസമിതി ചെയര്‍മാന്‍ മുന്‍ എം.എല്‍.എ ടി.കെ നൗഷാദ്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.