ആരോഗ്യമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ ജനസംഖ്യയുടെ വലിയൊരുശതമാനം വയോജനങ്ങളുടേതാണ്. അവരുടെ സാമൂഹ്യ-പശ്ചാത്തല സൗകര്യങ്ങളുടെ ഭദ്രത ഉറപ്പാക്കുന്നത്തിനുള്ള ഉത്തരവാദിത്തം ഏറുകയാണ് എന്ന് നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമംസംബന്ധിച്ച സമിതി ചെയര്‍മാന്‍ കെ പി മോഹനന്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാർ സമര്‍പ്പിക്കുന്ന പരാതികളില്‍ അതിവേഗം തീര്‍പ്പുണ്ടാകണം.

ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധചെലുത്തണം. വയോജനങ്ങളുടെ പ്രശ്‌നപരിഹാരത്തിന് മാനുഷിക പരിഗണനയ്ക്കാണ് മുന്‍തുക്കം നല്‍കേണ്ടത്.പരിഗണിച്ച 11 പരാതികളില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. ഒമ്പതെണ്ണത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പട്ടു. പുതുതായി ആറ് പരാതികള്‍ സ്വീകരിച്ചു. വിവിധ വകുപ്പുകള്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി സമിതി പരിശോധിച്ചു

ഇഞ്ചവിള സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി സൗകര്യങ്ങള്‍ വിലയിരുത്തി. ജില്ലാ വൃദ്ധസദനത്തിലെ സംവിധാനങ്ങള്‍ തൃപ്തികരമാണെന്ന് സമിതി ചെയര്‍മാന്‍ വ്യക്തമാക്കി.

കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സമിതിയുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. പരിഗണിച്ച പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
അംഗങ്ങളും എം എല്‍ എ മാരുമായ പി അബ്ദുല്‍ ഹമീദ്, സി കെ ഹരീന്ദ്രന്‍, കെ പി കുഞ്ഞു അഹമ്മദ് കുട്ടി മാസ്റ്റര്‍, വാഴൂര്‍ സോമന്‍, സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ്, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം ആര്‍ ബീനാറാണി, നിയമസഭാ ഡെപ്യുട്ടി സെക്രട്ടറി എം ജയശ്രീ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.