മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക കേന്ദ്രം തുടങ്ങാൻ സർക്കാരിന് ശുപാർശ നൽകുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ പറഞ്ഞു. കമ്മിഷൻറെ ആഭിമുഖ്യത്തിൽ പൂജപ്പുര വനിത ശിശുവികസന ഡയറക്ടറേറ്റിലെ ജില്ലാതല കർത്തവ്യവാഹകരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണം നടത്തണം.വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കിയാലേ കുട്ടികൾക്കായി കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കു. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നേരിടുന്ന പ്രശ്‌നങ്ങൾ യോഗം ചർച്ച ചെയ്തു. വിദ്യാഭ്യാസ അവകാശം, ബാലനീതി, പോക്‌സോ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ കമ്മിഷൻ അംഗം എൻ. സുനന്ദ സ്വാഗതം ആശംസിച്ചു. പരിപാടിയിൽ ജില്ല ശിശുസംരക്ഷണ ആഫീസർ, മെഡിക്കൽ ഓഫീസർ, വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പോലീസ് നർക്കോട്ടിക്‌സ് വിഭാഗം തുടങ്ങിയവർ പങ്കെടുത്തു.