ന്യൂട്രീഷന്‍ ആന്റ് ഡയറ്റുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ജില്ലാതല പോഷണ ബോധവല്‍ക്കരണവും പ്രദര്‍ശനവും നടത്തി. പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പരിപോഷിപ്പിക്കുകയും ഭാവിയില്‍ ജീവിതശൈലീ രോഗ സാധ്യതകള്‍ ഇല്ലാതാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
ജൈവ കൃഷി മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ കെ എഫ് ജോണിനെ ചടങ്ങില്‍ ആദരിച്ചു. സ്റ്റെല്ല മാത്യു കവിത ആലപിച്ചു. പോഷണവും കൗമാര ആരോഗ്യവും എന്ന വിഷയത്തില്‍ എന്‍.സി.ഡി ഡയറ്റീഷ്യന്‍ എം. ഷീബയും, പഠന പ്രചോദനവും ആരോഗ്യ ജീവിതരീതിയും എന്ന വിഷയത്തില്‍ ആര്‍ കെ.എസ്.കെ കൗണ്‍സിലര്‍ ജാസ്മിന്‍ ബേബിയും ക്ലാസ്സെടുത്തു.
കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കിയ പോഷകാഹാര പ്രദര്‍ശനവും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെകുറിച്ചുള്ള ലഘുലേഖയുടെ വിതരണവും നടന്നു. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ എം ഷാജി, പിടിഎ പ്രസിഡന്റ് ബൈജു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.