പി.ടി സന്തോഷിന് ഭരണഭാഷാ സേവന പുരസ്കാരം
മലയാളഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം എൻ.എം മെഹറലി നിർവഹിച്ചു. ജില്ലാ നിയമ ഓഫീസർ വിൻസന്റ്, ഹുസൂർ ശിരസ്തദാർ കെ.അലി, സർക്കാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കളക്ടറേറ്റിലെ ജീവനക്കാർക്ക് ഭരണഭാഷാ പ്രതിജ്ഞ എ.ഡി.എം എൻ.എം മെഹറലി ചൊല്ലിക്കൊടുത്തു.
സംസ്ഥാന ഓഡിറ്റ് വകുപ്പ് ജില്ലാ കാര്യാലയത്തിലെ അസിസ്റ്റന്റ് ഓഫീസർ പി.ടി സന്തോഷിനാണ് ഈ വർഷത്തെ ജില്ലാതല ഭരണഭാഷാ സേവന പുരസ്കാരം. പെരിന്തൽമണ്ണ സ്വദേശിയാണ്. സംസ്ഥാന ഔദ്യോഗിക ഭാഷാ വകുപ്പ് നൽകുന്ന 10,000 രൂപയുടെ കാഷ് അവാർഡും സത് സേവനരേഖയും പുരസ്കാര ജേതാവിന് ലഭിക്കും.
നവംബർ ഏഴിന് ജില്ലാഭരണകൂടവും ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പും സംയുക്തമായി ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടത്തുന്ന ജില്ലാതല ഭരണഭാഷാ ശിൽപ്പശാലയിൽ വെച്ച് ജില്ലാ കളക്ടർ വി.ആർ വിനോദ് പുരസ്കാരം വിതരണം ചെയ്യും. ജില്ലാ കളക്ടർ ചെയർമാനായ പുരസ്കാര നിർണയസമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ജില്ലയിലെ ക്ലാസ് 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു.