പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപ്പോര്‍ട്ടിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ചു. യു. എന്‍ ആക്ടിംഗ് റസിഡന്റ് കോഓര്‍ഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക് ബെക്കഡാം സംസ്ഥാന ഡി. ഡി എന്‍. എ കോഓര്‍ഡിനേറ്റര്‍ വെങ്കിടേസപതി എന്നിവര്‍ ചേര്‍ന്നാണ് ചീഫ് സെക്രട്ടറി ടോം ജോസിന് റിപ്പോര്‍ട്ടിന്റെ കരട് കൈമാറിയത്.
റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ നവകേരള നിര്‍മാണത്തിന് 27,000 കോടി രൂപ ആവശ്യമുണ്ട്. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 8554 കോടിയും ഭവന നിര്‍മാണ മേഖലയ്ക്ക് 5659 കോടിയും കൃഷി, ഫിഷറീസിന് 4499 കോടിയും ഉപജീവന പുനസ്ഥാപനത്തിന് 3903 കോടിയും ജലസേചനത്തിന് 1484 കോടിയും വാട്ടര്‍ ആന്റ് സാനിറ്റേഷന് 1331 കോടിയും വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ പരിസ്ഥിതി സൗഹൃദവും പ്രകൃതി ക്ഷോഭങ്ങളെക്കുറിച്ച് അറിവുള്ളതുമായ ആദ്യ ഹരിത സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നവകേരള നിര്‍മാണം മികവുറ്റതാക്കാന്‍ മികച്ച ആഗോള മാതൃകകളും മുന്നോട്ടു വയ്ക്കുന്നു. ആഗോള മാതൃകയില്‍ രാജ്യത്ത് തയ്യാറാക്കുന്ന ആദ്യ പി. ഡി. എന്‍. എ റിപ്പോര്‍ട്ടാണിത്. 72 വിദഗ്ധര്‍ പത്ത് ജില്ലകള്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
യു. എന്‍. പി. ഡി. എന്‍. എ കോഓര്‍ഡിനേറ്റര്‍ റീത്ത മിസ്സാള്‍, യു. എന്‍. സ്റ്റേറ്റ് ടീം തലവന്‍ ജോബ് സഖറിയ, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ പി. എച്ച്. കുര്യന്‍, രാജീവ് സദാനന്ദന്‍, ബിശ്വാസ് മെഹ്ത്ത, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ഡി. എന്‍. സിംഗ്, വിവിധ വകുപ്പ് സെക്രട്ടറിമാരായ എ. ഷാജഹാന്‍, ടിങ്കു ബിസ്വാള്‍, ജ്യോതിലാല്‍, ശിവശങ്കര്‍, കെ. ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.