ആലപ്പുഴ: നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലും എയ്റോബിക് കമ്പോസ്റ്റ് പ്ലാന്റുകൾ സ്ഥാപിക്കാൻ ആലപ്പുഴ നഗരസഭ ഒരുക്കമാണെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലമുള്ളയിടത്തെല്ലാം പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല മെഡിക്കൽ ഓഫീസ് ജില്ല പൊലീസിന്റെ സഹകരണത്തോടെ സ്‌കൂളുകളിൽ തുടങ്ങുന്ന സ്മൈൽ ( സ്റ്റുഡന്റ് മൂവ്മെന്റ് ടൂ ഇംപ്രൂവ് ലിവിങ് എൻവയൺമെന്റ്) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ജോസഫ്
മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തിൽ ഇന്ന് ആലപ്പുഴ ലോകരാജ്യങ്ങളിൽ തന്നെ മുൻപന്തിയിലാണ്. കഴിഞ്ഞ അഞ്ചുവർഷമായി സംസ്ഥാനത്ത് ഇക്കാര്യത്തിൽ ഒന്നാമാതായ ആലപ്പുഴ രാജ്യത്തെ മികച്ച നഗരസഭയും ലോകത്ത് ആദ്യ അഞ്ചിൽ രണ്ടാമതുമാണ്. നഗരസഭയിലെ 52 വാർഡുകളിലും എ.സി.പി. സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതുവഴി മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സജീന ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമതി അധ്യക്ഷൻ അഡ്വ. കെ.ടി.മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജില്ല പൊലീസ് ഡിവൈ.എസ്.പി പി.വി.ബേബി സ്മൈൽ ലോഗോ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.സി. ജയകുമാർ, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, എസ്.പി.സി.പ്രൊജകട് ജില്ല നോഡൽ ഓഫീസർ കെ.പി. ജയചന്ദ്രൻ, സ്‌കൂൾ മാനേജർ എ.എം നസീർ, പ്രിൻസിപ്പൽ അഷറഫ്കുഞ്ഞ് ആശാൻ, പ്രധാനാധ്യാപിക പി.ഖദീജ,, പി.ടി.എ. പ്രസിഡന്റ് എം.കെ.നവാസ് എന്നിവർ പങ്കെടുത്തു. ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി പദ്ധതി വിശദീകരിച്ചു.
ജനങ്ങളുടെ ആരോഗ്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും പകർച്ചവ്യാധികൾ ഉയർത്തുന്ന വെല്ലുവിളി ജനകീയ ഇടപെടലിലൂടെ പ്രതിരോധിക്കുന്നതിനായാണ് സ്മൈൽ പദ്ധതി. സമൂഹത്തെ നല്ല ആരോഗ്യശീലങ്ങളിലേക്ക് മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളിലുടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 52 സ്‌കൂളിലെ കേഡറ്റുകൾ സ്വന്തം വീട്ടിലും അയൽവീടുകളും സന്ദർശിച്ച് ബോധവൽക്കരണ പ്രവർത്തനത്തിലൂടെ ജനങ്ങൾക്ക് ശരിയായ ആരോഗ്യശീലം പകരും. എസ്.പി.സി പദ്ധതി നിലവിലുള്ള സ്‌കൂളിൽ പ്രധാനാധ്യാപകർ, പരിശീലന ലഭിച്ച ചാർജ്ജ് ഓഫീസർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകും. തങ്ങളുടെ പ്രദേശത്തെ വീടുകളിൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കുന്നുണ്ടെന്ന് ഇവർ ഉറപ്പാക്കാനും സ്മൈലിൽ വ്യവസ്ഥയുണ്ട്.
നഗരസഭയിലെ മുഴുവൻ സ്കൂളിലും എ.സി.പി സ്ഥാപിക്കാനൊരുക്കമെന്ന് നഗരസഭ ചെയർമാൻ
Home /ജില്ലാ വാർത്തകൾ/ആലപ്പുഴ/നഗരസഭയിലെ മുഴുവൻ സ്കൂളിലും എ.സി.പി സ്ഥാപിക്കാനൊരുക്കമെന്ന് നഗരസഭ ചെയർമാൻ