അമ്പലപ്പുഴ: പ്രളയാനന്തരം കേരള ജനത അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ശുദ്ധജല ലഭ്യതയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. റോട്ടറി ക്ലബ്ബ് ഓഫ് അരൂർ സാറ്റലൈറ്റ് സിറ്റി അങ്കണവാടികൾക്ക് സൗജന്യമായി നൽകിയ വാട്ടർ പ്യൂരിഫയർ വിതരണം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്പലപ്പുഴ, ചേർത്തല,കുട്ടനാട് താലൂക്കുകളിൽ ശുദ്ധജല ക്ഷാമം നേരിടുന്നു. ആറുകൾ കൈയേറിയതും തോടുകൾ നികത്തിയതുമെല്ലാം പ്രകൃതിയുടെ സംതുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കിണർ പോലുള്ള കുടിവെള്ള സ്രോതസ്സുകൾ നികത്തരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം ബാധിച്ച പ്രദേശങ്ങളിൽ ശുദ്ധജലം ലഭ്യമാക്കാൻ 240 ഫാമിലി വാട്ടർ പ്യൂരിഫയറും 10 കമ്മ്യൂണിറ്റി വാട്ടർ പ്യൂരിഫയറുമാണ് റോട്ടറി ക്ലബ്ബ് ഓഫ് അരൂർ സാറ്റലൈറ്റ് സിറ്റി സൗജന്യമായി അമ്പലപ്പുഴ മണ്ഡലത്തിന് നൽകിയത്. അമ്പലപ്പുഴ താലൂക്കിലെ 223 അങ്കണവാടികൾക്കും തിരഞ്ഞെടുക്കപ്പെട്ട ഏഴു പ്രൈമറി സ്‌കൂളുകൾക്കുമാണ് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തത്. യൂ. കെ. യിൽ നിന്ന് ഇറക്കുമതി ചെയ്ത രാജ്യാന്തര നിലവാരമുള്ള വാട്ടർ പ്യൂരിഫയറുകളാണിവ. എട്ടു ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. പ്രളയാനന്തരം കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത പ്യൂരിഫയറുകൾക്ക് 50,000 രൂപയോളം കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി തന്ന സർക്കാർ അഭിനന്ദനം അർഹിക്കുന്നതായി പദ്ധതി വിശദീകരിച്ച റോട്ടറി ക്ലബ്ബ് ഓഫ് അരൂർ സാറ്റലൈറ്റ് സിറ്റി പ്രോജക്ട് ചെയർമാൻ ഡോ. ടിന ആന്റണി പറഞ്ഞു. മന്ത്രി ജി. സുധാകരനാണ് വാട്ടർ പ്യൂരിഫയറുകൾ അങ്കണവാടികൾക്ക് നൽകാൻ നിർദേശിച്ചത്. കുട്ടികൾക്ക് ശുദ്ധജലം കൊടുക്കാനായതിൽ സന്തോഷമുണ്ടെന്നും ടിന ആന്റണി പറഞ്ഞു.
ചടങ്ങിൽ അരൂർ സാറ്റലൈറ്റ് സിറ്റി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡി കെ.ഹരീഷ് അധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ എസ്.സുഹാസ് മുഖ്യ അതിഥിയായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലിമ ജോജോ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാൽ,അമ്പലപ്പുഴ ബി.ഡി. ഒ. വി.ജെ.ജോസഫ്, റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണർ ഇ. കെ.ലൂക്ക്,സ്‌കറിയ ജോസ് കാട്ടൂർ, ഡോ. കൃഷ്ണകുമാർ, മുരളീധരൻ, അബ്ദുൾ ബഷീർ എന്നിവർ പങ്കെടുത്തു. ശോഭ സനിൽ സ്വാഗതം പറഞ്ഞു.
പ്രളയാനന്തരം കേരളം നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന് ശുദ്ധജലക്ഷാമം:മന്ത്രി ജി. സുധാകരൻ
Home /ജില്ലാ വാർത്തകൾ/ആലപ്പുഴ/പ്രളയാനന്തരം കേരളം നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന് ശുദ്ധജലക്ഷാമം:മന്ത്രി ജി. സുധാകരൻ