ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണം നടക്കുന്ന ഭാഗങ്ങൾ പൊതുമരാമത്ത്- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ വ്യാഴാഴ്ച സന്ദർശിച്ചു. ബൈപ്പാസിന്റെ 96 ശതമാനം പണികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും കരാർ ഓഗസ്റ്റിൽ അവസാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. റെയിൽവേയുടെ ഭാഗത്തുനിന്ന് മെല്ലെപ്പോക്ക് മൂലം ഒന്നരവർഷമാണ് നഷ്ടമായത്. കരാറിന്റെ ഭാഗമല്ലാതിരുന്ന ചില ജോലികൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് നൽകിയ ചേഞ്ച് ഓഫ് സ്‌കോപ്പ്, അംഗീകരിക്കാൻ കാലതാമസം നേരിടുന്നതായും മന്ത്രി പറഞ്ഞു. ആർ. ഡി .എസ്, സി.വി.സി സംയുക്ത സംരഭം പൂർത്തിയാക്കാനായി അവസാനം നീട്ടിയ സമയവും ഓഗസ്റ്റിൽ കഴിഞ്ഞു. ഇനി സംസ്ഥാന സർക്കാർ കരാർ നീട്ടി നൽകില്ല. വേണമെങ്കിൽ അതിന് കേന്ദ്രത്തെ സമീപിക്കാമെന്ന് മന്ത്രി പറഞ്ഞു. പണി തുടങ്ങിയിട്ട് മൂന്നരവർഷമായി. ഭൂരിഭാഗം ജോലികളും നടന്നത് ഈ സർക്കാരിന്റെ കാലത്താണ്. ഈ സർക്കാർ വരുമ്പോൾ 15 ശതമാനം പണികളായിരുന്നു പൂർത്തിയായത്. ഇപ്പോൾ ഈ സർക്കാർ 96 ശതമാനത്തോളം പൂർത്തിയാക്കിട്ടുണ്ട്. ആകെ ആറ് ഗർഡറുകൾ വയ്ക്കണം. ഇനി മൂന്നെണ്ണം കൂടി വയ്ക്കാനുണ്ട്. കേന്ദ്ര പദ്ധതികൾ പലയിടത്തും കോൺട്രാക്ട് രാജ് കാണുന്നണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വലിയ ബൈപാസാണ് നമ്മൾ നിർമ്മാണ പൂർത്തിയാക്കുന്നത്. കേന്ദ്ര. ഗവ. ഇക്കാര്യത്തിൽ നമ്മളെ സഹായിച്ചു. ചെറിയ ചില പോരായ്മകൾ പോലും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാണ്ടാക്കും. ചില കൾവർട്ടുകൾ അങ്ങേയറ്റം വരെ നീട്ടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ബൈപ്പാസ് കമ്മീഷൻ ചെയ്താലും സർവ്വീസ് റോഡുകൾ ഇവർ ചെയ്തില്ലായെങ്കിൽ സർക്കാർ പൂർത്തിയാക്കും. പണി സമയബന്ധിതമായി പൂർത്തിയാക്കിയില്ലയെങ്കിൽ പിഴ ഉൾപ്പെടെ ചെലുത്താൻ സർക്കാരിന് കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബൈപാസ് പൂർത്തിയാക്കുന്നതിന് ഇനി അന്തിമ തീയതി പ്രഖ്യാപിക്കുന്നില്ലായെന്നു മന്ത്രി പറഞ്ഞു. പണികൾ എത്രയും വേഗം പൂർത്തിയാക്കാനും മന്ത്രി കരാറുകാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.