നവകേരളം കര്‍മ്മ പദ്ധതി ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ നീരുറവ്, കബനിക്കായ് വയനാട് ക്യാമ്പെയിനുകളുടെ ഭാഗമായുള്ള നീര്‍ച്ചാല്‍ പുനരുജ്ജീവനം പദ്ധതി തുടങ്ങി. എടവക ചെറുവയലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായിരുന്നു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി. മജീദ് പദ്ധതി എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

ജില്ലയില്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കബനി നദീ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ കബനിക്കായ് വയനാട് ക്യാമ്പെയിനിന്റെ ഭാഗമായി 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാപ്പിംഗ് പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍ മാപ്പിംഗ് നടത്തി അടയാളപ്പെടുത്തിയ നീര്‍ച്ചാലുകളില്‍ വീണ്ടെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വിജയന്‍, എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജെന്‍സി ബിനോയ്, ഷിഹാബ് അയാത്ത്, വാര്‍ഡ് മെമ്പര്‍മാരായ ബ്രാന്‍ അഹമ്മദ്ക്കുട്ടി, ഷറഫുന്നീസ, ലിസി ജോണ്‍, സി.സി സുജാത, എന്‍.ആര്‍. ഇ.ജി.എ അക്രിഡറ്റഡ് എഞ്ചിനീയര്‍ സി.എച്ച് സമീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.